ഗോവ: 48 മണിക്കൂറിനുള്ളില്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ വീട്ടിലേക്കു പ്രതിപക്ഷ പാര്‍ട്ടികൾ മാര്‍ച്ച് നടത്തി. നൂറുകണക്കിനാളുകൾ മാർച്ചിൽ പങ്കെടുത്തു. മുഴുവൻ സമയ മുഖ്യമന്ത്രിയെയാണ് തങ്ങൾക്കാവശ്യമെന്നു പ്രതിഷേധക്കാർ പറഞ്ഞു. കോണ്‍ഗ്രസ്, എന്‍സിപി, ശിവസേന എന്നീ രാഷ്ട്രീയപ്പാർട്ടികളുടെ പിന്തുണയോടെ ഗവണ്‍മെന്റ് ഇതര സംഘടനകളുടെയും ആക്ടിവിസ്റ്റുകളുടെയും നേതൃത്വത്തിലായിരുന്നു മാർച്ച്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ള പരീക്കര്‍ മുഖ്യമന്ത്രി പദം എത്രയും പെട്ടെന്ന് ഒഴിയണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പ്രതിഷേധം പൊലീസ് മുഖ്യമന്ത്രിയുടെ വീടിന്റെ 100 മീറ്റര്‍ അകലെ വച്ച് തന്നെ തടഞ്ഞു.
ഇതിനിടയിൽ പരീക്കറുടെ ആരോഗ്യ സ്ഥിതി ഭദ്രമെന്ന് ആശുപത്രി അധികൃതരുടെ ഔദ്യോഗിക റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി തിരികെ എത്തുകയാണെന്ന് സര്‍ക്കാരിന്റെ ഔദ്യോഗിക വൃത്തങ്ങളും അറിയിച്ചിരുന്നു. പാൻക്രിയാറ്റിക് ക്യാൻസർ ബാധിച്ച് ദില്ലിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലായിരുന്ന പരീക്കർ ഇപ്പോൾ സ്വവസതിയിൽ വിശ്രമത്തിലാണ്.