നിരോധനാജ്ഞ പിൻവലിക്കൽ പോലീസ് അഭിപ്രായമാരാഞ്ഞ്‌

നിരോധനാജ്ഞ പിന്‍വലിക്കല്‍ സംബന്ധിച്ച് തീരുമാനമെടുക്കുന്നത് പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രം. തുലാമാസ പൂജ, ചിത്തിര ആട്ടവിശേഷ വേളകളില്‍ ശബിരമലയെ സംഘര്‍ഷഭൂമിയാക്കി മാറ്റിയ ആര്‍എസ്എസ്, ബിജെപി സംഘപരിവാര്‍ പ്രവര്‍ത്തകരുടെ നടപടി മൂലമാണ് ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ശബരിമലയിലേക്ക് വരുന്ന യഥാര്‍ത്ഥ ഭക്തര്‍ക്ക് കൂട്ടംകൂടി മലകയറുന്നതിനും വിശ്വാസങ്ങള്‍ വ്രണപ്പെടാതെ അയ്യപ്പനെ കാണുന്നതിനും ഈ നിയമം തടസമുണ്ടാക്കിയിരുന്നില്ല. എന്നാല്‍, കറുപ്പുടുത്ത് മലകയറിയ സംഘികള്‍ക്ക് നിരോധനാജ്ഞ വല്ലാതെ ദോഷം ചെയ്യുന്ന സ്ഥിതിയുണ്ടാക്കി. അവരുടെ പ്രതിഷേധ ശരണംവിളികളും നടപ്പന്തലിലെ സമരാഭാസവും ഇല്ലാതാക്കാന്‍ നിരോധനാജ്ഞയിലൂടെ പോലീസിന് സാധിച്ചു. പോലീസിന്റെ സംയമനത്തോടെയും ജാഗ്രതയോടെയുമുള്ള ഇടപെടലുകളും കലാപകാരികളെ അറസ്റ്റ് ചെയ്ത് നീക്കിയ നടപടിയും സന്നിധാനത്തില്‍ സമാധാനപൂര്‍ണമായ അന്തരീക്ഷം ഉണ്ടാക്കിയിട്ടുണ്ട്.

നിലവിലുള്ള നിരോധനാജ്ഞ അക്രമികളെ മാത്രം ഉദ്ദേശിച്ചുള്ളതാകയാല്‍ അത് വിശ്വാസികള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കുന്നില്ല. പെട്ടെന്ന് നിരോധനാജ്ഞ പിന്‍വലിച്ചാല്‍ ശബരിമലയില്‍ നിന്ന് പിന്‍വലിഞ്ഞ് നില്‍ക്കുന്ന സംഘപരിവാര്‍ കലാപകാരികള്‍ തിരികെയെത്താനും സന്നിധാനത്തിന്റെ നിയന്ത്രണം അവരുടെ കൈകളിലാക്കാനുമുള്ള സാധ്യതയുണ്ട്. ശബരിമലയില്‍ നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന പല നിയന്ത്രണങ്ങളും ഇപ്പോള്‍ പിന്‍വലിച്ചിട്ടുണ്ട്. അത് കൂടുതല്‍ ഭക്തര്‍ സന്നിധാനത്തേക്ക് എത്തുന്നതിന് സഹായകമാവും. എന്നാല്‍, അക്രമകാരികള്‍ക്കെതിരായ നിരോധനാജ്ഞ പിന്‍വലിക്കുമ്പോള്‍ അത് സഹായകമാവുക കലാപകാരികള്‍ക്കാവും.

ഗവര്‍ണറും നിരോധനാജ്ഞ പെട്ടെന്ന് പിന്‍വലിക്കേണ്ട എന്ന അഭിപ്രായമാണ് മുഖ്യമന്ത്രിയോട് പ്രകടിപ്പിച്ചത് എന്നാണ് അറിയാന്‍ സാധിക്കുന്നത്. എന്നാല്‍, പോലീസിന് സ്ഥിഗതികള്‍ നിയന്ത്രിക്കാന്‍ സാധിക്കുമെന്ന പരിപൂര്‍ണ ആത്മവിശ്വാസമുണ്ടെങ്കില്‍ നിരോധനാജ്ഞ പിന്‍വലിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം കൊടുത്തേക്കും. നിരോധനാജ്ഞ പിന്‍വലിക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്.

സംഘര്‍ഷമുള്ള ശബരിമല സ്വപ്‌നം കാണുന്നവരാണ് ഭക്തര്‍ക്ക് ദോഷം ചെയ്യാത്ത നിരോധനാജ്ഞ പിന്‍വലിക്കാന്‍ ഹാലിളക്കി നടക്കുന്നതെന്നാണ് സോഷ്യല്‍മീഡിയ അഭിപ്രായപ്പെടുന്നത്.

22-Nov-2018