കേന്ദ്രസർക്കാർ ബൈപാസ് നിർമാണവുമായി മുന്നോട്ട്

ബിജെപി നേതൃത്വത്തില്‍ കീഴാറ്റൂരില്‍ നടത്തിയ വയല്‍ക്കിളി സമരത്തെ അപഹാസ്യമാക്കി കൊണ്ട് കേന്ദ്രസര്‍ക്കാരിന്റെ ബൈപാസ് നിര്‍മാണ നടപടികള്‍. സംസ്ഥാന സര്‍ക്കാരിനെതിരെ സമരം നടത്തിയ ബിജെപി നേതൃത്വും മറ്റ് സംഘടനകളും കേന്ദ്രനടപടിക്ക് മുന്നില്‍ പകച്ചുനില്‍പ്പാണ്.

വയല്‍ക്കിളി സമരവുമായി ബന്ധപ്പെട്ട് വന്‍ വാര്‍ത്തകള്‍ സൃഷ്ടിച്ച കീഴാറ്റൂരില്‍ പ്രതിഷേധങ്ങളെ മറികടന്ന് ബൈപാസ് നിര്‍മ്മാണ നടപടികളുമായാണ് കേന്ദ്രം മുന്നോട്ടുപോകുന്നത്. ബൈപാസ് അലയ്ന്‍മെന്റില്‍ മാറ്റമില്ല. ഏറ്റെടുത്ത ഭൂമിയുടെ വിജ്ഞാപനവും പ്രസിദ്ധീകരിച്ചു. നഷ്ടപരിഹാരം അടക്കമുള്ള കാര്യങ്ങളിലേക്ക് പോകുന്ന കേന്ദ്രം ഭൂമിയുടെ രേഖകളുമായി ഉടമകള്‍ ഉടന്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയതായിട്ടാണ് വിവരം. നെല്‍വയല്‍ നികത്തി ബൈപാസ് പാത നിര്‍മ്മിക്കുന്നതിനെതിരേ ശക്തമായ പ്രതിഷേധമായിരുന്നു നേരത്തേ ഉയര്‍ന്നത്. നാട്ടുകാരുടെ നേതൃത്വത്തില്‍ നടന്ന സമരത്തിന് ബിജെപിയുടെ പിന്തുണ കൂടി കിട്ടിയതോടെ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തി വെയ്ക്കുകയും വിദഗ്ദ്ധ സമിതിയെ പഠിക്കാന്‍ നിയോഗിക്കുകയും ചെയ്തിരുന്നു.

തളിപ്പറമ്പിലൂടെ കടന്നുപോകുന്ന ദേശീയപാത 45 മീറ്ററാക്കുമ്പോള്‍ ഉണ്ടാകുന്ന നഷ്ടം പരിഹരിക്കാന്‍ കുപ്പംകീഴാറ്റുര്‍കൂവോട്കുറ്റിക്കോല്‍ ബൈപാസ് ഉണ്ടാക്കാനുള്ള നിര്‍ദേശം ഉയര്‍ന്നപ്പോള്‍ തന്നെ നാട്ടുകാര്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു. കീഴാറ്റൂര്‍ വയല്‍ക്കിളി സമരത്തിനും സിപിഐ എം ഒഴികെയുള്ള എല്ലാ രാഷ്ട്രീയ കക്ഷികളും പിന്തുണ പ്രഖ്യാപിച്ചിരുന്നു. നൂറുമീറ്റര്‍ പോലും വീതിയില്ലാത്ത വയല്‍ നികത്തി ദേശീയപാത നിര്‍മിച്ചാല്‍ അതു പരിസ്ഥിതിക്ക് ദോഷം ചെയ്യുമെന്നും ബദല്‍ മാര്‍ഗങ്ങള്‍ ചിന്തിക്കണമെന്നുമായിരുന്നു സമിതി കേന്ദ്ര സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ട്.

കീഴാറ്റൂരില്‍ ഒന്‍പത് ഹെക്ടര്‍ വയല്‍ ഉള്‍പ്പെടെ 12.22 ഹെക്ടര്‍ സ്ഥലമാണ് ഏറ്റെടുക്കുന്നത്. കടന്നു പോകുന്നിടങ്ങളില്‍ വയല്‍മേഖലയില്‍പെടുന്ന സ്ഥലമുടമകളായ എട്ടുപേര്‍ അലൈന്‍മെന്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു കോടതിയെ സമീപിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ നടപടികളെ തുടര്‍ന്ന് ബിജെപി സംസ്ഥാന കമ്മറ്റിയും സമരസമിതിയും ചര്‍ച്ച നടത്തും.
        

 



27-Nov-2018