ന്യൂഡൽഹി: ബി.ജെ.പി നേതാക്കളുടെ അതൃപ്തിയെത്തുടർന്നു നോട്ടുനിരോധനം രാജ്യത്തെ കാര്‍ഷിക മേഖലയെ തകർത്തുവെന്ന കാര്‍ഷിക മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് തിരുത്തി. പാര്‍ലമെന്ററി പാനലിന് കാര്‍ഷിക മന്ത്രാലയം നൽകിയ റിപ്പോർട്ടാണ് തിരുത്തിയത്. കർഷകർക്കും ഭൂവുടമകൾക്കും നോട്ടുനിരോധനം പ്രതിസന്ധികൾ സൃഷ്ടിച്ചുവെന്നായിരുന്നു ആദ്യ റിപ്പോർട്, എന്നാൽ ബി ജെ പി നേതാക്കളുടെ അസംതൃപ്തി മൂലം ഇതു തിരുത്തി നോട്ടുനിരോധനത്തിനുശേഷവും കാര്‍ഷിക മേഖലയില്‍ മികച്ച വളര്‍ച്ചയാണുണ്ടായതെന്നാക്കുകയായിരുന്നു. കറന്‍സി നോട്ടുകള്‍ നിരോധിച്ച് രണ്ടു വർഷത്തിന് ശേഷമാണു കാർഷിക മന്ത്രാലയം പ്രതിസന്ധികൾ സമ്മതിച്ച് രംഗത്ത് വന്നത്. ഖാരിഫ് വിളകള്‍ വില്‍ക്കുകയോ റാബി വിളകള്‍ വിതയ്ക്കുകയോ ചെയ്യുന്ന സമയത്താണ് നോട്ടുനിരോധനം നിലവിൽ വന്നത്, ഈ രണ്ടു സമയത്തും പണം വളരെ ആവശ്യമുള്ള കാലമായിരുന്നു. ദിവസക്കൂലി കൊടുക്കുന്നതിനും വിത്തും വളവും വാങ്ങാനുമുള്ള പണം ഇല്ലതെവന്നു. ദേശീയ വിത്തു കോര്‍പ്പറേഷന് 1.38 ലക്ഷം ക്വിന്റല്‍ ഗോതമ്പു വിത്ത് വിൽക്കാൻ സാധിച്ചിരുന്നില്ല, പണത്തിന്റെ അഭാവം നിമിത്തം വാങ്ങാൻ ആളില്ലാതെ വന്നതാണ് കാരണം. എന്നാൽ കോണ്‍ഗ്രസ് നേതാവ് വീരപ്പ മൊയ്ലിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി തയ്യാറാക്കിയ റിപ്പോർട്ടിനെതിരെ ബി ജെ പി നേതാക്കൾ തിരിഞ്ഞതോടെ കാർഷികമന്ത്രാലയം റിപ്പോർട്ട് തന്നെ തിരുത്തുകയാണുണ്ടായത്.