കൊച്ചി: മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ മോഡലും ആക്ടിവിസ്റ്റുമായ രഹ്‌ന ഫാത്തിമ അറസ്റ്റില്‍. മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ ഫേസ്ബുക്കില്‍ കുറിപ്പിട്ടുവെന്ന പരാതിയിലാണ് നടപടി. കോട്ടയം തൃക്കൊടിത്താനം സ്വദേശി ആര്‍. രാധാകൃഷ്ണമേനോനാണ് രഹ്നയ്ക്ക് എതിരെ പരാതി നല്‍കിയത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് രഹ്നയ്ക്കെതിരെ കേസെടുത്തത്. നേരത്തെ രഹ്ന ഫാത്തിമ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. താന്‍ ഒരു മതവിശ്വാസിയാണ് അതുകൊണ്ടുതന്നെ തനിക്ക് ശബരിമലയിൽ പോകാനുള്ള അവകാശമുണ്ടായിരുന്നുവെന്നും താന്‍ ഒരുതരത്തിലും മതവിശ്വാസത്തെ വ്രണപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും രഹ്ന ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേസ് അനാവശ്യമാണെന്നും എല്ലാ പ്രായത്തിലുമുള്ള യുവതികള്‍ക്കും ശബരിമലയില്‍ പോകാമെന്ന സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്ന് വ്രതമെടുത്താണ് ക്ഷേത്രത്തില്‍ പോയതെന്നും രഹ്‌ന സമര്‍പ്പിച്ച ഹരജിയില്‍ പറഞ്ഞിരുന്നു.
എന്നാല്‍ രഹ്നയുടെ സന്ദര്‍ശനം മൂലം ശബരിമലയില്‍ പ്രശ്നങ്ങളുണ്ടായിയെന്നും മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലേക്ക് കാര്യങ്ങൾ നീങ്ങിയെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഈ വാദം അംഗീകരിച്ചായിരുന്നു കോടതി രഹ്‌നയ്ക്ക് ജാമ്യം നിഷേധിച്ചത്.