കോവിഡ് വാക്സിനും മരണവും: ആശങ്ക വേണ്ടെന്ന് പഠനം

കോവിഡ്-19 വാക്സിനേഷനും രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന പെട്ടെന്നുള്ള മരണങ്ങളും തമ്മിൽ നേരിട്ട് ബന്ധമില്ലെന്ന് റിപ്പോർട്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ), നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻസിഡിസി) എന്നിവ നടത്തിയ പഠനങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഈ നിർണായക വിവരങ്ങൾ അറിയിച്ചത്.

വിശദീകരിക്കാനാകാത്ത പെട്ടെന്നുള്ള മരണങ്ങൾ രാജ്യത്തെ വിവിധ ഏജൻസികൾ അന്വേഷിച്ചിരുന്നു. ഈ പഠനങ്ങളെല്ലാം കോവിഡ് വാക്സിനും പെട്ടെന്നുള്ള മരണങ്ങളും തമ്മിൽ നേരിട്ടുള്ള ബന്ധമില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ കോവിഡ്-19 വാക്സിനുകൾ സുരക്ഷിതവും ഫലപ്രദവുമാണെന്നും, ഗുരുതരമായ പാർശ്വഫലങ്ങൾ വളരെ അപൂർവമായി മാത്രമേ ഉണ്ടാകൂ എന്നും ICMR, NCDC പഠനങ്ങൾ അടിവരയിടുന്നു.

ജനിതകശാസ്ത്രം, ജീവിതശൈലി, മുൻപുണ്ടായിരുന്ന ആരോഗ്യപ്രശ്നങ്ങൾ, കോവിഡിനു ശേഷമുള്ള സങ്കീർണതകൾ എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങൾ പെട്ടെന്നുള്ള ഹൃദയാഘാത മരണങ്ങൾക്ക് കാരണമാകാം. 18 നും 45 നും ഇടയിൽ പ്രായമുള്ള ചെറുപ്പക്കാരിൽ പെട്ടെന്നുണ്ടാകുന്ന വിശദീകരിക്കാനാകാത്ത മരണങ്ങൾക്ക് പിന്നിലെ കാരണങ്ങൾ കണ്ടെത്താനായി ICMR-ഉം NCDC-യും ചേർന്ന് രണ്ട് പഠനങ്ങൾ നടത്തി.

ആദ്യ പഠനം: ICMR-ന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി (NIE) “ഇന്ത്യയിൽ 18-45 വയസ് പ്രായമുള്ള മുതിർന്നവരിൽ വിശദീകരിക്കാനാകാത്ത പെട്ടെന്നുള്ള മരണങ്ങളുമായി ബന്ധപ്പെട്ട ഘടകങ്ങൾ – ഒരു മൾട്ടിസെൻട്രിക് മാച്ചഡ് കേസ്-കൺട്രോൾ സ്റ്റഡി” എന്ന പേരിൽ ഒരു പഠനം നടത്തി. 2023 മെയ് മുതൽ ഓഗസ്റ്റ് വരെ 19 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 47 ടെർഷ്യറി കെയർ ആശുപത്രികളിലായി ഇത് നടന്നു. 2021 ഒക്ടോബറിനും 2023 മാർച്ചിനും ഇടയിൽ ആരോഗ്യവാന്മാരായി തോന്നിയെങ്കിലും പെട്ടെന്ന് മരിച്ചവരെയാണ് ഈ പഠനത്തിൽ ഉൾപ്പെടുത്തിയത്. ഈ പഠനത്തിന്റെ കണ്ടെത്തലുകൾ പ്രകാരം, കോവിഡ്-19 വാക്സിനേഷൻ യുവാക്കളിൽ വിശദീകരിക്കാനാകാത്ത പെട്ടെന്നുള്ള മരണ സാധ്യത വർദ്ധിപ്പിക്കുന്നില്ല എന്ന് തെളിയിച്ചിട്ടുണ്ട്.


രണ്ടാമത്തെ പഠനം: “യുവാക്കളിലെ പെട്ടെന്നുള്ള വിശദീകരിക്കാനാകാത്ത മരണങ്ങളുടെ കാരണം സ്ഥാപിക്കൽ” എന്ന തലക്കെട്ടിലുള്ള ഈ പഠനം ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (AIIMS)-ന്റെ ധനസഹായത്തോടെയും ICMR-ന്റെ സഹകരണത്തോടെയും നടക്കുന്നു. യുവാക്കളിൽ പെട്ടെന്നുള്ള മരണങ്ങളുടെ പൊതുവായ കാരണങ്ങൾ നിർണ്ണയിക്കുക എന്നതാണ് ഈ പഠനത്തിന്റെ ലക്ഷ്യം. പ്രാഥമിക വിശകലനം സൂചിപ്പിക്കുന്നത് ഹൃദയാഘാതം (മയോകാർഡിയൽ ഇൻഫ്രാക്ഷൻ – MI) ഈ പ്രായത്തിൽ പെട്ടെന്നുള്ള മരണത്തിന്റെ പ്രധാന കാരണമായി തുടരുന്നു എന്നാണ്. മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മരണ കാരണങ്ങളുടെ പാറ്റേണിൽ വലിയ മാറ്റങ്ങളൊന്നും നിരീക്ഷിക്കപ്പെട്ടിട്ടില്ല. വിശദീകരിക്കാനാകാത്ത മരണങ്ങളിൽ ഭൂരിഭാഗവും ജനിതക മ്യൂട്ടേഷനുകൾ കാരണമാണെന്നും കണ്ടെത്തിയിട്ടുണ്ട്. പഠനം പൂർത്തിയായ ശേഷം അന്തിമ ഫലങ്ങൾ പുറത്തുവിടും.

തെറ്റിദ്ധാരണകൾ ഒഴിവാക്കണം

ഈ പഠനങ്ങളെല്ലാം, കോവിഡ്-19 വാക്സിനേഷനെ പെട്ടെന്നുള്ള മരണങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രസ്താവനകൾ തെറ്റാണെന്നും തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്നും ആവർത്തിച്ച് പറയുന്നു. ശാസ്ത്രീയപരമായ തെളിവുകളുടെ പിൻബലമില്ലാത്ത ഇത്തരം പ്രചാരണങ്ങൾ വാക്സിനുകളിലുള്ള പൊതുജനവിശ്വാസത്തെ ദുർബലപ്പെടുത്താൻ സാധ്യതയുണ്ട്. മഹാമാരിയുടെ സമയത്ത് ദശലക്ഷക്കണക്കിന് ജീവൻ രക്ഷിക്കുന്നതിൽ വാക്സിനുകൾ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. അടിസ്ഥാനരഹിതമായ റിപ്പോർട്ടുകളും അവകാശവാദങ്ങളും വാക്സിൻ സ്വീകരിക്കുന്നതിലുള്ള മടിക്ക് കാരണമാവുകയും പൊതുജനാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

02-Jul-2025