കേരള സർവകലാശാലാ രജിസ്ട്രാർ ഡോ. കെ. എസ്. അനിൽകുമാറിനെ സസ്പെന്റ് ചെയ്തത് ചട്ടവിരുദ്ധം:മന്ത്രി വി ശിവൻകുട്ടി
അഡ്മിൻ
കേരള സർവകലാശാലാ രജിസ്ട്രാർ ഡോ. കെ. എസ്. അനിൽകുമാറിനെ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ സസ്പെന്റ് ചെയ്തത് ചട്ടവിരുദ്ധമായാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. രജിസ്ട്രാറെ നിയമിക്കുന്നത് സിൻഡിക്കേറ്റാണ്.അച്ചടക്ക നടപടിക്കുള്ള അധികാരവും സിൻഡിക്കേറ്റിനാണ്. 10 ദിവസത്തിൽ കൂടുതൽ ലീവ് അനുവദിക്കാൻ പോലുമുള്ള അധികാരം വി സിക്കില്ല.
സർവകലാശാല ചട്ടം 10 (13) അനുസരിച്ചാണ് വിസിയുടെ നടപടി. എന്നാൽ ചട്ടം 10 (14 ) ൽ വിസിയുടെ അധികാരം നിർവചിക്കുന്നുണ്ട്. അസിസ്റ്റന്റ് രജിസ്ട്രാർ വരെയുള്ളവർക്കെതിരെ മാത്രമേ വി സിയ്ക്ക് അച്ചടക്ക നടപടി എടുക്കാനാകൂ. ഗവർണർ വേദിയിലിരിക്കെ പരിപാടി റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് നൽകി എന്നാണ് മറ്റൊരാരോപണം. ഇതും ശരിയല്ല. അതിനും എത്രയോ മുമ്പ് പരിപാടി റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് ഇറങ്ങി. സംഘാടകരുടെ സെക്രട്ടറി എന്നാൽ ഉത്തരവ് കൈപ്പറ്റാൻ വിസമ്മതിച്ചു. തുടർന്ന് മെയിൽ ചെയ്യുകയായിരുന്നു.
സംഭവ സ്ഥലത്ത് സംഘർഷാവസ്ഥ ഉണ്ട് എന്നറിഞ്ഞിട്ടും ഗവർണർ ചടങ്ങിൽ പങ്കെടുത്തു. ഭാരതാംബയെ രജിസ്ട്രാർ മാനിച്ചില്ല എന്നാണ് മറ്റൊരു ആരോപണം. ആരാണ് ഈ ഭാരതാംബ? കാവിക്കൊടി ഏന്തിയ വനിതയോ? ഇന്ത്യൻ ഭരണഘടനയിൽ ഇങ്ങനെയൊന്നു പറയുന്നില്ല. ഒരിക്കൽ കൂടി പറയുന്നു, ഇന്ത്യൻ അതിർത്തിയെ മാനിക്കാത്ത, ഭരണഘടന പറയാത്ത ഒന്നിനെയും അംഗീകരിക്കുന്നില്ല. ഗവർണറോട് രജിസ്ട്രാർ അനാദരവ് കാണിച്ചു എന്നാണ് ആരോപണം. യഥാർത്ഥത്തിൽ ഗവർണർ സർവകലാശാല ചട്ടങ്ങളോട് അനാദരവ് കാണിക്കുകയാണ് ഉണ്ടായത്.
ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാൾ സ്ഥിരം നിയമലംഘകൻ ആകുന്നു എന്ന് ആരെങ്കിലും വിമർശിച്ചാൽ തെറ്റ് പറയാനാവില്ല. ചട്ടലംഘനം നടത്തിയതിനാൽ പരിപാടി റദ്ദാക്കി എന്നറിഞ്ഞിട്ടും പരിപാടിയിൽ പങ്കെടുത്ത ഗവർണർ ഗുരുതര ചട്ടലംഘനമാണ് നടത്തിയിരിക്കുന്നത്.വൈസ് ചാൻസലർ ആ പദവിയുടെ അന്തസ്സ് കാത്തു സൂക്ഷിക്കണം. ഗവർണറുടെ കൂലിത്തല്ലുകാരനെ പോലെ പ്രവർത്തിക്കരുത്. ഇത് കേരളമാണെന്നും ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ലെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.