പ്രതിപക്ഷം നിയമസഭയിൽ കൈയ്യാങ്കളി നടത്തി

പതിനാലാം കേരള നിയമസഭയുടെ പതിമൂന്നാമത് സമ്മേളനം രാവിലെ തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷം കൈയ്യാങ്കളിയുമായി രംഗത്തെത്തി. നിയമസഭാ  നടുത്തളത്തില്‍ പ്രതിപക്ഷം കയ്യാങ്കളി നടത്തിയതോടെ സ്പീക്കര്‍ സഭ നിര്‍ത്തിവെച്ചു. ശബരിമല വിഷയം ഉന്നയിച്ച്  സഭയില്‍ ബഹളം തുടങ്ങുകയായിരുന്നു പ്രതിപക്ഷം. ചര്‍ച്ചക്ക് അവസരമുള്ളപ്പോള്‍ എന്തിനാണ് ബഹളം വെയ്ക്കുന്നതെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ചോദിച്ചു. നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ ഡയസിന് മുന്നില്‍നിന്ന് ബാനര്‍ ഉയര്‍ത്തി ബഹളമുണ്ടാക്കി. തുടര്‍ന്ന് ഡയസിലേക്ക് തള്ളി കയറാനും ശ്രമിച്ചു.

ചോദ്യോത്തര വേളയില്‍ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ പ്രതിപക്ഷ എംഎല്‍എമാര്‍ ബഹളം തുടങ്ങി. ശബരിമലയില്‍ നിരോധനാജ്ഞ പിന്‍വലിക്കണം, ശബരിമല സംരക്ഷിക്കണം തുടങ്ങിയ പ്ലക്കാര്‍ഡും ബാനറുമായാണ് പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ എത്തിയത്.  ഐ സി ബാലകൃഷ്ണനും അന്‍വര്‍ സാദത്തുമാണ് ഡയസിലേക്ക് ചവുട്ടികയറാന്‍ ശ്രമിച്ചത്. ഇതോടെ നടുത്തളത്തില്‍ കയ്യാങ്കളിയായി. ബഹളം തുടര്‍ന്നപ്പോള്‍ ഈ വിധത്തില്‍ സഭ മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്നും സഭ നിര്‍ത്തിവെയ്ക്കുയാണെന്നും സ്പീക്കര്‍ അറിയിച്ചു.

നിയമസഭാ സമ്മേളനം അലങ്കോലപ്പെടുത്താന്‍ യുഡിഎഫ് എംഎല്‍എമാരുടെ യോഗത്തില്‍ കഴിഞ്ഞ ദിവസം തീരുമാനമെടുത്തിരുന്നു.  ശബരിമല വിഷയം മുന്‍നിര്‍ത്തി സഭ അലങ്കോലപ്പെടുത്താനാണ് നീക്കം. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ സാന്നിധ്യത്തിലായിരുന്നു സഭ അലങ്കോലപ്പെടുത്താന്‍ ഒന്നിച്ചുനില്‍ക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടത്. ഇന്നലെ സഭ ചേര്‍ന്നുവെങ്കിലും അന്തരിച്ച എംഎല്‍എ പി വി അബ്ദുള്‍ റസാക്കിന് ആദരാജ്ഞലിയര്‍പ്പിച്ച് പിരിയുകയായിരുന്നു.

നിയമസഭാ സമ്മേളനത്തിന്റെ രണ്ടാം ദിവസവും ശബരിമല പ്രശ്‌നത്തില്‍ പ്രക്ഷോഭം ശക്തമാക്കുകയാണ് യുഡിഎഫ് എംഎല്‍എമാര്‍. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കും വരെ സഭ തടസപ്പെടുത്തുമെന്നാണ് പ്രതിപക്ഷം വ്യക്തമാക്കിയത്. ചോദ്യോത്തര വേളയില്‍ ആദ്യത്തെ ചോദ്യം പ്രളയം സംബന്ധിച്ചായിരുന്നു. പ്രളയാനന്തര നടപടികളെ കുറിച്ച് മുഖ്യമന്ത്രി മറുപടി നല്‍കുന്നതിനിടെയും പ്രതിഷേധം അവസാനിപ്പിക്കാന്‍ പ്രതിപക്ഷം തയ്യാറായില്ല.

അതിനിടെ സഭയില്‍ പുതിയ സമവാക്യങ്ങളും രൂപം കൊണ്ടു.  ബിജെപിയുടെ ഏക എംഎല്‍എയായ ഒ. രാജഗോപാലിനെ പൂഞ്ഞാറില്‍ നിന്നുള്ള ജനപക്ഷം പാര്‍ട്ടിയുടെ എംഎല്‍എ പിസി ജോര്‍ജ് നിയമസഭയില്‍ പിന്തുണയ്ക്കുമെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.  ശബരിമലയിലെ നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് കറുപ്പണിഞ്ഞാണ്  പി.സി.ജോര്‍ജ്ജും ഒ രാജഗോപാലും  നിയമസഭയിലേക്ക് എത്തിയത്.



28-Nov-2018