പന്തളം എന്‍എസ്എസ് കോളജില്‍ അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് മന്ത്രി ആർ ബിന്ദു
അഡ്മിൻ
പുതിയ ആശയങ്ങളുടെയും അറിവുകളുടെയും ഉദ്പാദകരായി വിദ്യാര്‍ഥികള്‍ മാറണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു. പന്തളം എന്‍എസ്എസ് കോളജില്‍ റൂസ പ്രോജക്ടിന്റെ ഭാഗമായി 80 ലക്ഷം രൂപ വിനിയോഗിച്ചു നിര്‍മിച്ച അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. വിദ്യാര്‍ഥികള്‍ക്ക് അഭിരുചികള്‍ക്കനുസൃതമായി വളരാന്‍ പ്രാരംഭഘട്ടത്തില്‍ പരിശീലനങ്ങള്‍ നല്‍കണമെന്നും നൂതന ആശയങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 5 മുതല്‍ 25 ലക്ഷം രൂപ വരെ ധനസഹായവും നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
എക്‌സ്പീരിയന്‍സ് ലേണിംഗ് പഠന രീതിക്കു പ്രാധാന്യം നല്‍കുന്നു. കുട്ടികളുടെ സര്‍ഗാത്മക കഴിവുകള്‍ വികസിപ്പിക്കാന്‍ അധ്യാപക സമൂഹം ശ്രമിക്കണം. അധ്യാപക പരിശീലനത്തിനായി ഹയര്‍ എജുക്കേഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ എക്‌സലന്‍സ് ആന്‍ഡ് ടീച്ചിങ് ലേണിംഗ് ആന്‍ഡ് ട്രെയിനിംഗ് സ്ഥാപനം ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെ വിദ്യാര്‍ഥികളെ കാലത്തിനനുസൃതമായ വൈജ്ഞാനിക അന്വേഷങ്ങളിലേക്കു നയിക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കാണു പ്രഥമ പരിഗണന നല്‍കുന്നത്. മേഖലയുടെ വികസനത്തിനായി 6000 കോടി രൂപയാണ് സര്‍ക്കാര്‍ വിനിയോഗിച്ചത്. ഒന്നാം പിണറായി വിജയന്‍ സര്‍ക്കാര്‍ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ വിദ്യാഭ്യാസ മേഖലയില്‍ അടിസ്ഥാന സൗകര്യ വിപുലീകരണത്തിനും ഗുണമേന്മ വര്‍ധനയ്ക്കും പ്രാധാന്യം നല്‍കി. ഇതിന്റെ തുടര്‍ച്ചയായി ഉന്നത വിദ്യാഭ്യാസത്തിനെ അന്തര്‍ദേശീയ ഹബ്ബാക്കി മാറ്റുന്നതിന്റെ നടപടിയായി ഭൗതിക പശ്ചാത്തല വിപുലീകരണം, ഉള്ളടക്കത്തിന്റെ ഗുണമേന്മ വര്‍ധനയ്ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ട് വിഹിതം ഉപയോഗിച്ചു കഴിഞ്ഞവര്‍ഷം 1823 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. കിഫ്ബി പദ്ധതിയിലൂടെ 2000 കോടി രൂപയും റൂസ പദ്ധതിയിലൂടെ 568 കോടി രൂപയും ഇതിലുള്‍പെടുന്നു.
റൂസ പദ്ധതിയിലൂടെ കെട്ടിട നിര്‍മ്മാണത്തിന്റെ ഭാഗമായി വിവിധ കലാലയങ്ങളില്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, അക്കാദമിക് ബ്ലോക്കുകള്‍, ആധുനിക ലൈബ്രറികള്‍, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കുകള്‍ നിര്‍മ്മിച്ചു.
കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ സംയുക്തമായി 60:40 അനുപാതത്തിലാണ് റൂസ പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 116 കലാലയങ്ങള്‍ക്ക് 2 കോടി രൂപ വീതം നല്‍കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക സെല്‍ രൂപീകരിച്ചാണ് റൂസ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. റൂസ ഫണ്ട് മുഖേന സയന്‍സ് ലാബ്, ഓഫിസ്, ലൈബ്രറിയുടെയും ഓഡിറ്റോറിയത്തിന്റെയും നവീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ പൂര്‍ത്തികരിച്ചു.
അടിസ്ഥാന സൗകര്യ വിപുലീകരണം പോലെ ഉള്ളടക്കത്തിലും സമഗ്ര പരിഷ്‌കാരണമാണു നടത്തുന്നത്. ബിരുദം നാല് വര്‍ഷമാക്കിയതിലൂടെ തൊഴിലവസരം സൃഷ്ടിക്കാനും സംരംഭക താല്‍പര്യങ്ങള്‍ വികസിപ്പിക്കാനുമുള്ള അവസരമൊരുക്കുന്നു. ഹയര്‍ എജ്യുക്കേഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍
രാജ്യത്തിനകത്തും പുറത്തുമായുള്ള പ്രമുഖ സ്ഥാപനങ്ങളെ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. അസാപ് 150 കോഴ്സുകളില്‍ പരീശീലനം നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ രംഗത്ത് സാങ്കേതികവിദ്യയും നിര്‍മിത ബുദ്ധിയുടെ സാധ്യതകളും പരിശോധിച്ചു പ്രയോജനപ്പെടുത്തണമെന്ന് അധ്യക്ഷത വഹിച്ച നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അറിവുള്ള സമൂഹത്തെ സൃഷ്ടിക്കാന്‍ വിദ്യാഭ്യാസത്തിലൂടെ കഴിയും. ഉന്നതവിദ്യാഭ്യാസ രംഗത്ത് നിരവധി വികസന പ്രവര്‍ത്തനങ്ങളാണു നടപ്പാക്കുന്നത്. സര്‍വകലാശാലകള്‍ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റിയതായും അദ്ദേഹം പറഞ്ഞു.
പന്തളം നഗരസഭ ചെയര്‍മാന്‍ അച്ചന്‍കുഞ്ഞ് ജോണ്‍, കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളായ ഡോ.എസ്.ജ്യോത്സന, ഡോ.ആര്‍.ശ്രീപ്രസാദ്, പ്രിന്‍സിപ്പല്‍ ഡോ.എം.ജി. സനല്‍കുമാര്‍, കോളേജ് കൗണ്‍സില്‍ സെക്രട്ടറി ലക്ഷ്മി പ്രസന്നന്‍, സീനിയര്‍ സൂപ്രണ്ട് കെ.എന്‍ രാജേഷ് കുമാര്‍, റൂസ കോ-ഓഡിനേറ്റര്‍ ഡോ.എസ്. ശരവണകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
03-Jul-2025
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ