ശബരിമലയില്‍ ബിജെപി സമരം നിര്‍ത്തിവയ്ക്കുമെന്ന് സൂചന

പത്തനംതിട്ട: ശബരിമലയില്‍ ബിജെപി സമരം നിര്‍ത്തിവയ്ക്കുമെന്ന് സൂചന. യുവമോര്‍ച്ച ഇന്നത്തെ നിലയ്ക്കല്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉപേക്ഷിച്ചു. പ്രക്ഷോഭം പാടില്ലെന്ന ഹൈക്കോടതി ഉത്തരവാണ് മുഖ്യകാരണം. ഭക്തരെ വിഷമിപ്പിക്കാനില്ലെന്നും നിലപാടെടുത്തു. ഹൈക്കോടതി ഇടപെടല്‍ ഭക്തര്‍ക്ക് അനുകൂലമാണെന്നാണ് വിലയിരുത്തല്‍. ആചാരലംഘനം ഉണ്ടായാല്‍ മാത്രമേ ഇനി സമരം ചെയ്യുകയുള്ളൂവെന്നും ബിജെപി വിലയിരുത്തുന്നു.തുടർ പ്രക്ഷോഭങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ ബി ജെ പി സംസ്ഥാന ഭാരവാഹികളുടെ യോഗം അൽപസമയത്തിനകം കൊച്ചിയിൽ ചേരും.

സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ളയുടെ  നേതൃത്വത്തിലാണ് യോഗം. തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ നേരത്തെ തന്നെ നിശ്ചയിച്ച യോഗമായിരുന്നെങ്കിലും ഇപ്പോഴത്തെ സ്ഥിതിയിൽ ശബരിമല സമരം മാത്രം ചര്‍ച്ച ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.പാർട്ടിയുടെ ജനറൽ സെക്രട്ടറിമാരും സംഘടനാ സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ശബരിമലയില്‍ പ്രതിഷേധങ്ങള്‍ പാടില്ലെന്ന് വ്യക്തമാക്കിയത്. സമരത്തിന്റെ മുന്നോട്ടുപോക്കിനിടെ ബിജെപിക്ക് പല ഘട്ടങ്ങളിലും രാഷ്ട്രീയമായ തിരിച്ചടികളും ഏറ്റിരുന്നു.

മണ്ഡലകാലം തുടങ്ങി പത്തുദിവസത്തിലധികം പിന്നിട്ടിട്ടും മുന്‍വര്‍ഷങ്ങളിലെ മണ്ഡലകാല തിരക്കിലേക്ക് ശബരിമല മാറിയിട്ടില്ല എങ്കിലും മലകയറിവരുന്ന തീര്‍ത്ഥാടകര്‍ക്ക് സുഗമമായി പതിനെട്ടാംപടി ചവിട്ടി ദര്‍ശനം നടത്തി മടങ്ങാം. എരുമേലി, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളിലെ സ്ഥിതിയും സമാനമാണ്. ശബരിമലയിലെ നിരോധനാ‍ഞ്ജ നാളെ രാത്രിവരെ നിലനില്‍ക്കുന്നതിനാല്‍ സുരക്ഷാക്രമീകരണങ്ങള്‍ തുടരുകയാണ്. നാളെ ചുമതലയേല്‍ക്കുന്ന സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ രണ്ടാം ബാച്ച് ഇന്ന് ശബരിമലയിലെത്തും,

29-Nov-2018