ഭുവനേശ്വര്‍ : ഒഡീഷയിലെ മുതിർന്ന ബി ജെ പി നേതാക്കളായ ദിലീപ് റായ്, ബിജോയ് മൊഹപാത്ര എന്നിവര്‍ പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ചു. രണ്ടുപേരും ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗങ്ങളാണ്. തങ്ങളെ വെറും നോക്കുകുത്തികളായി വച്ചിരിക്കുന്നുവെന്നാരോപിച്ചാണ് രാജി. സ്വയം വലിയവരെന്നു കരുതുന്ന സ്വാർഥരായ ചിലർ തങ്ങളെ അപമാനിക്കുന്നു. ആത്മാഭിമാനമുള്ള പൊതു പ്രവർത്തകരാണ് ഞങ്ങൾ ഒഡീഷയുടെ വികസനത്തിനുവേണ്ടി പ്രവർത്തിച്ചു. എന്നാൽ അപമാനം സഹിച്ച് ഇനി പാർട്ടിയിൽ തുടരാനാവില്ല, സീറ്റ് നഷ്ടപ്പെടുമെന്ന് ഭയന്ന് ചില നേതാക്കൾ പാർട്ടിക്കുള്ളിൽ നടക്കുന്ന ഈ വിവേചനങ്ങളെക്കുറിച്ച് സംസാരിക്കാൻ തയ്യാറല്ല. അമിത് ഷായ്ക്ക് എഴുതിയ രാജിക്കത്തില്‍ ഇരുവരും ആരോപിച്ചു. സംസ്ഥാനത്തിന്റെ താല്പര്യങ്ങളാണ് പ്രധാനം , അധികാരത്തിനും പദവിക്കും വേണ്ടി അത് പണയം വയ്ക്കാൻ തയ്യാറല്ല. കടുത്ത മനോവേദനയോട് കൂടിയാണ് താന്‍ ഈ തീരുമാനം എടുത്തതെന്ന് റായ് ട്വീറ്റ് ചെയ്തു. റൂര്‍ഖല നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ ആയ ദിലീപ് റായ് തന്റെ നിയമസഭാ അംഗത്വവും രാജിവെച്ചു.
എന്നാൽ ഇരുവരുടെയും രാജി സംസ്ഥാന ബി ജെ പി യുടെ പ്രവര്‍ത്തനത്തെ ഒരു തരത്തിലും ബാധിക്കില്ലെന്ന് സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ ബസന്ത് പാണ്ഡ പറഞ്ഞു.എന്നാൽ ബി ജെ പി യുടെ സിറ്റിങ് സീറ്റായ സുന്ദര്‍ഗര്‍ ലോക്‌സഭാ സീറ്റില്‍ ദിലീപ് റായ്‌യുടെ രാജി കാര്യങ്ങൾ തകിടം മറിയുമെന്നാണ് വിലയിരുത്തൽഅതുപോലെ ബിജോയ് മൊഹപാത്രയുടെ രാജി കട്ടക്ക് ജില്ലക്കും പ്രശ്നങ്ങൾ സൃഷ്ടിക്കും.