പ്ലാൻ ബിയുമായി കേന്ദ്രനേതാക്കൾ

തിരുവനന്തപുരം : ശബരിമല സമരം പൊളിഞ്ഞതിന്റെ പേരിൽ ബിജെപിയിലെ പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ തീവ്രസമരത്തിന‌് കേന്ദ്രനേതൃത്വത്തിന്റെ നിർദേശം. സംസ്ഥാന നേതൃത്വത്തെ തള്ളിയാണ‌് അക്രമസമരത്തിന‌ുള്ള തീരുമാനം കേന്ദ്രനേതൃത്വം അറിയിച്ചത‌്. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വഴിയിൽ തടയുന്നമെന്ന പ്രഖ്യാപനം ഇതിന്റെ ഭാഗമാണ‌്. ഏത‌് വിധേനയും സംഘർഷത്തിന‌് വഴിയൊരുക്കി രാഷ‌്ട്രീയ ‘നേട്ടം’ കൊയ്യണമെന്നാണ‌് കേന്ദ്രനേതൃത്വത്തിന്റെ കർശന നിർദേശം. ദേശീയ സെക്രട്ടറി സരോജ‌് പാണ്ഡെ അടക്കം മൂന്ന‌് നേതാക്കൾ ശനിയാഴ‌്ച കേരളത്തിൽ എത്തിയിട്ടുണ്ട‌്. ഞായറാഴ‌്ച കൊച്ചിയിൽ ഇവരുടെ സാന്നിധ്യത്തിൽ കോർ കമ്മിറ്റിയോഗം ചേർന്ന‌് ‘പ്ലാൻ ബി’ക്ക‌് രൂപം നൽകും. ശബരിമലയിൽ സംഘർഷം സൃഷ്ടിക്കാനുള്ള പ്ലാൻ എ പരാജയപ്പെട്ടത‌്  കേരളഘടകത്തിലെ തമ്മിലടിയും പിടിപ്പുകേടുംമൂലമാണെന്ന‌് സരോജ‌് പാണ്ഡെ ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട‌്.

സംസ്ഥാന പ്രസിഡന്റ‌് പി എസ‌് ശ്രീധരൻപിള്ളക്കെതിരെ  ദേശീയ നിർവാഹകസമിതി അംഗം വി മുരളീധരൻ പക്ഷവും ആർഎസ‌്എസും നടത്തിയ വിമർശനം ശരിവയ‌്ക്കുന്നതാണ‌് കേന്ദ്ര നിലപാട‌്. സമരം മയപ്പെടുത്തിയത‌് ഇവരെ ചൊടിപ്പിച്ചിച്ചു. പൊലീസിന്റെ കർശന നിലപാടും പഴുതടച്ച സുരക്ഷയും വിശ്വാസികളുടെ പിന്മാറ്റവുമാണ‌് സമരം പ്രതീക്ഷിച്ച രീതിയിൽ മുന്നോട്ടുപോകാത്തതിന‌് കാരണമായി സംസ്ഥാന നേതൃത്വം വിശദീകരിച്ചത‌്. 

ശ്രീധരൻപിള്ള പക്ഷം ശരിക്കും നേതൃനിരയിൽ ഒറ്റപ്പെട്ടിരിക്കയാണ‌്. കെ സുരേന്ദ്രൻ ജയിലിലായിട്ട‌് ആഴ‌്ചകൾ കഴിഞ്ഞിട്ടും കാര്യമായി പ്രതിഷേധിക്കാൻ കഴിയാത്തത‌് പൊറുക്കാൻ കഴിയില്ലെന്നാണ‌് മുരളീപക്ഷം കേന്ദ്ര നേതാക്കളെ അറിയിച്ചത‌്. സുരേന്ദ്രനെ അറസ‌്റ്റ‌് ചെയ‌്തതിനെതിരായ പ്രതിഷേധം വിലക്കിയെന്നും കേന്ദ്ര നിർദേശം അനുസരിച്ച‌് തയ്യാറാക്കിയ പോസ‌്റ്റർ വിതരണം ചെയ്യാതെ കെട്ടിവച്ചിരിക്കുകയാണെന്നും മുരളീപക്ഷം വിമർശിച്ചു. 

സംസ്ഥാനതലത്തിൽ സംഘർഷം വ്യാപിപ്പിച്ച‌് അടുത്തയാഴ‌്ച തന്നെ ഹർത്താലിലേയ‌്ക്ക‌് കാര്യങ്ങൾ എത്തിക്കാനാണ‌് തീരുമാനം.  സമരം ശക്തമാക്കുന്നതിന‌് അമിത‌്ഷാ കേരളത്തിലേക്ക‌് വരുമെന്നും ബിജെപി നേതാക്കൾ പറഞ്ഞു.

02-Dec-2018