മുല്ലപ്പള്ളിയുടെ പ്രസ്താവന തരംതാണത് : കോടിയേരി

ഡിജിപി ലോക്‌നാഥ് ബെഹ്‌റയെക്കുറിച്ചുള്ള കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണം ശുദ്ധഅസംബന്ധമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുല്ലപ്പള്ളിയുടെ പ്രസ്താവന  തരംതാഴ്ന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ബെഹ്‌റയെക്കുറിച്ച് എന്തെങ്കിലും തെറ്റ്  മുല്ലപ്പള്ളി കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ കണ്ടെത്തിയെങ്കില്‍ എന്തുകൊണ്ട് അദ്ദേഹം കൂടി പങ്കാളിയായ അന്നത്തെ കേന്ദ്രസര്‍ക്കാര്‍ നടപടി  എടുത്തില്ല. സ്വന്തം കഴിവുകേട് മറയ്ക്കാനാണ് മുല്ലപ്പള്ളിയുടെ പ്രസ്താവന. അത്ര കഴിവില്ലാത്ത കേന്ദ്രമന്ത്രിയായിരുന്നു താനെന്ന് സ്വയം പ്രഖ്യാപിക്കുകയാണ് മുല്ലപ്പള്ളി. ശബരിമല വിഷയത്തില്‍ രൂപപ്പെട്ട കോണ്‍ഗ്രസ്-ബിജെപി അവിശുദ്ധ കൂട്ടുകെട്ട് മറച്ചുവയ്ക്കാനാണ് മുല്ലപ്പള്ളിയുടെ ഇത്തരം വീണ്‍വാക്കുകള്‍.

മോഡി പറഞ്ഞിട്ടാണ് കേരളത്തില്‍ ഡിജിപിയെ നിയമിച്ചതെന്ന്  പറയുന്നത് എന്തു വിഡ്ഢിത്തമാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഡിജിപിമാരെ നിയമിക്കുന്നത് മോഡി പറഞ്ഞിട്ടാണോ. മോഡിയെയും  ആര്‍എസ്എസുകാരെയും കാണുമ്പോള്‍ ഓടിയൊളിക്കുന്ന കോണ്‍ഗ്രസുകാരെ പോലെയല്ല കമ്യൂണിസ്റ്റ് നേതാക്കള്‍. മോഡിയുടെ മുന്നില്‍ മുട്ടിടിക്കുന്ന മുഖ്യമന്ത്രിയല്ല പിണറായി. കോടിയേരി വ്യക്തമാക്കി.


03-Dec-2018