മാത്യു കുഴല്‍നാടന്‍ എംഎല്‍എക്കെതിരെ ഇഡി അന്വേഷണം

ചിന്നക്കനാലിൽ റിസോർട്ട് നിർമ്മാണത്തിനായി സർക്കാർ ഭൂമി കയ്യേറിയെന്ന കേസിൽ മൂവാറ്റുപുഴ എം.എൽ.എ. മാത്യു കുഴൽനാടനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അന്വേഷണം ആരംഭിച്ചു. സർക്കാർ ഭൂമി അനധികൃതമായി കൈവശം വെച്ചതിന് റവന്യൂ വകുപ്പ് മാത്യു കുഴൽനാടനും സുഹൃത്തുക്കൾക്കുമെതിരെ ഭൂസംരക്ഷണ നിയമപ്രകാരം കേസെടുത്തിരുന്നു. വിജിലൻസ് അന്വേഷണത്തിനു പുറമെയാണ് ഇപ്പോൾ ഇ.ഡി.യുടെ ഈ നടപടി. ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട ഇടപാടിൽ മാത്യു കുഴൽനാടൻ കള്ളപ്പണം ഉപയോഗിച്ചിട്ടുണ്ടോ എന്നാണ് ഇ.ഡി. പ്രധാനമായും അന്വേഷിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട രേഖകൾ ഇ.ഡി. വിജിലൻസിൽ നിന്ന് ശേഖരിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിനായി ഹാജരാകാൻ ഉടൻ തന്നെ കുഴൽനാടന് നോട്ടീസ് കൈമാറും. 2012-ൽ ചിന്നക്കനാലിൽ ഒരേക്കറോളം സ്ഥലം വാങ്ങിയതിന് ശേഷം അടുത്തുള്ള 50 സെന്റ് സർക്കാർ ഭൂമി കൂടി അനധികൃതമായി കൂട്ടിച്ചേർത്തുവെന്നാണ് കേസ്.

പിന്നീട് ഈ ഭൂമി മാത്യു കുഴൽനാടൻ ഉൾപ്പെടുന്ന സംഘം വാങ്ങുകയായിരുന്നു. ചിന്നക്കനാലിലെ ഭൂമി ഇടപാട് കേസിൽ ഇടുക്കി വിജിലൻസ് യൂണിറ്റ് നേരത്തെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിൽ 16-ാം പ്രതിയാണ് മാത്യു കുഴൽനാടൻ. കേസിൽ ആകെ 21 പ്രതികളാണുള്ളത്.

29-Jul-2025

ന്യൂസ് മുന്‍ലക്കങ്ങളില്‍

More