മിസോറാമിൽ കോൺഗ്രസിനു തിരിച്ചടി

ഛത്തീസ്ഗഡിലും രാജസ്ഥാനിലും ബിജെപിയെ അടിതെറ്റിച്ച് മുന്നിലെത്തുമ്പോഴും ഭരണത്തിലിരിക്കുന്ന മിസോറാമില്‍ കോണ്‍ഗ്രസ് അധികാര നഷ്ടത്തിലേയ്ക്ക്. പ്രദേശിക പാര്‍ട്ടികള്‍ക്ക് 10 വര്‍ഷം നീണ്ട കോണ്‍ഗ്രസ് ഭരണം അവസാനിപ്പിക്കാന്‍ കഴിയുമോ എന്ന പരീക്ഷണമായിരുന്നു ഇക്കുറി മിസോറാം ഉറ്റുനോക്കിയത്.

നിലവിലെ ഫലസൂചനകള്‍ പ്രകാരം മിസോറാം നാഷണല്‍ ഫ്രണ്ട് വിജയിച്ചതായാണ് സൂചനകള്‍. കോണ്‍ഗ്രസിനെക്കാള്‍ ഇരട്ടി സീറ്റുകള്‍ക്ക് മുന്നിലെത്തിയാണ് എംഎന്‍എഫ് മുന്നേറ്റം. ഇതോടെ ഇനി ഒരു തിരിച്ചുവരവ് കോണ്‍ഗ്രസിനില്ലെന്നും ഉറപ്പായിട്ടുണ്ട്. ആകെ 40 സീറ്റുകളുള്ള മിസോറാമില്‍ കേവല ഭൂരിപക്ഷത്തിന് 21 സീറ്റുകള്‍ വേണഗ. അത് കടന്ന് എംഎല്‍എഫിന്റെ ലീഡ്‌നില കുതിച്ചിട്ടുണ്ട്. മിസോ നാഷണല്‍ ഫ്രണ്ടും കോണ്‍ഗ്രസും തമ്മിലാണ് ഇക്കുറി മത്സരം നടന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇപ്പോഴത്തെ മുഖ്യമന്ത്രി ലാല്‍ തന്‍ഹാവ്‌ലയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന് മൃഗീയ ഭൂരിപക്ഷമായിരുന്നു. 34 സീറ്റുകള്‍ കോണ്‍ഗ്രസിന് കിട്ടി. മിസോ നാഷണല്‍ ഫ്രണ്ടിന് അഞ്ച് സീറ്റു മാത്രമാണ് കിട്ടിയിരിക്കുന്നത്. മിസോ പീപ്പിള്‍സ് കോണ്‍ഫറന്‍സിന് ഒരു സീറ്റു കൊണ്ട് തൃപ്തപ്പെടേണ്ടി വന്നു. ബിജെപിക്ക് ഒരു സീറ്റുപോലും കിട്ടിയില്ല. അതുകൊണ്ടു തന്നെ ഇക്കുറിയും മിസോറാം ബിജെപിയെ തള്ളിയെന്നുവേണം കണക്കാക്കാന്‍.

11-Dec-2018