മുംബൈ: കഴിഞ്ഞ മാസം അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ റാലിക്കു ശേഷം മഹാരാഷ്ട്രയില്‍ ജനകീയ ധര്‍മ്മ സഭയൊരുക്കി ശിവസേന. ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുടെ നേതൃത്ത്വത്തിലാണ് സഭ. തിങ്കളാഴ്ച മഹാരാഷ്ട്രയിലെ തീര്‍ഥാടനകേന്ദ്രമായ പന്ഥര്‍പുരിലാണ് ധര്‍മ്മസഭ . ഏകദേശം മൂന്നു ലക്ഷത്തോളം പേര്‍ സഭയില്‍ പങ്കെടുക്കാന്‍ എത്തുമെന്നാണ് ശിവസേനയുടെ പ്രതീക്ഷ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ശിവസൈനികര്‍ മുഴുവന്‍ എത്തിച്ചേരും. ദക്ഷിണ കാശിയെന്ന് അറിയപ്പെട്ടു തീര്‍ഥാടന കേന്മ്രാണ് പന്ഥര്‍പുര്‍. തൊഴിലാളികളുടെയും കര്‍ഷകരുടെയും ഈശ്വരനായ വിതോബ-രഖുമയി ആണ് ഇവിടെ പ്രതിഷ്ഠ. ആ ഈശ്വരന്റെ അനുഗ്രഹം തേടിയാണ് തങ്ങളും പോകുന്നതെന്ന് ശിവസേന മുതിര്‍ന്ന നേതാവ് സഞ്ജയ് റൗട്ട് പറഞ്ഞു.
അയോധ്യ വിഷയത്തില്‍ വിശ്വഹിന്ദു പരിഷത്ത് ഉൾപ്പടെയുള്ള വിവിധ ഹിന്ദു സംഘടനകൾ ധര്‍മ്മസഭകള്‍ വിളിച്ച് ചേർക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ശിവസേനയും പരിപാടിയുമായി മുന്നോട്ടുപോകുന്നത്. പാർട്ടിയുടെ ശക്തിപ്രകടനമായിരിക്കും ഇന്നു നടക്കുന്ന ധര്‍മ്മസഭ. രാമക്ഷേത്ര വിഷയം ബി.ജെ.പി നേതൃത്വത്തില്‍ ഉന്നയിക്കാന്‍ ആര്‍.എസ്.എസിനെ നിര്‍ബന്ധിതമാക്കുന്നതിനുള്ള തന്ത്രമാണ് ഇവയെല്ലാമെന്ന് ശിവസേന പറയുന്നു.