അടുത്ത വര്‍ഷം നാലു മാസത്തേക്ക് പ്രധാനമന്ത്രി നാട്ടില്‍

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് അടുത്തതിനാൽ അടുത്ത വര്‍ഷം നാലു മാസത്തേക്ക് പ്രധാനമന്ത്രി നാട്ടില്‍ തന്നെയുണ്ടാകും. അഞ്ചു വര്‍ഷത്തെ കാലയളവില്‍ 48 രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദർശിച്ചത്. കഴിഞ്ഞ വർഷം മാത്രം 14 വിദേശപര്യടനങ്ങളാണ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയത് . എന്നാൽ; അടുത്ത വർഷം അഞ്ചു മാസത്തേക്ക് എല്ലാ വിദേശ പര്യടനവും വേണ്ടെന്നു വെച്ചിരിക്കുകയാണ്, പകരം തെരഞ്ഞെടുപ്പ് മാത്രമാകും അജണ്ട.


മെയ്മാസം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജ്യത്തുടനീളം നടത്താൻ തീരുമാനിച്ചിരിക്കുന്ന പ്രചരണ പരിപാടികളില്‍ പങ്കെടുക്കാനാണ് നരേന്ദ്രമോഡി ഒരുങ്ങുന്നത്. ഛത്തീസ്ഗഡ്, രാജസ്ഥാന്‍, മദ്ധ്യപ്രദേശ് എന്നിവിടങ്ങളില്‍ വലിയ തിരിച്ചടി നേരിട്ട ബിജെപി തിരഞ്ഞെടുപ്പിന് മുന്നോടിയായി വൻ പ്രചാരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ബിജെപിയുടെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പ്രചാരകന്‍ കൂടിയാണ് ശ്രി മോദി.ജനുവരി 21 മുതല്‍ 23 വരെ വാരണാസിയില്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിവസ് ആഘോഷങ്ങളാണ് പ്രധാനമന്ത്രി എന്ന നിലയില്‍ അദ്ദേഹം ആദ്യം പങ്കാളിയാകുന്ന പരിപാടി.


2014 ജൂണ്‍ മുതല്‍ 48 വിദേശപര്യടനങ്ങൾ നടത്തിയ മോദി അടുത്ത ഏതാനും മാസത്തേക്ക് അത്തരം യാത്രകള്‍ ഒഴിവാക്കിയിരിക്കുകയാണ്. കുറച്ചു നാളു മുമ്പ് പൈപ്പ് ലൈനുമായി ബന്ധപ്പെട്ടു ഒരു ദക്ഷിണേഷ്യന്‍ രാജ്യം സന്ദര്‍ശിക്കും എന്നു വാര്‍ത്ത വന്നെങ്കിലും അക്കാര്യം പരിഗണനയിലില്ല. അതേസമയം വരുന്ന ദിവസങ്ങളില്‍ ആദ്യ വിദേശപര്യടനത്തിന്റെ ഭാഗമായി ഭൂട്ടാന്‍ പ്രധാനമന്ത്രി ലോട്ടേ ഷെറിംഗ് ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ട്.

26-Dec-2018