എന്തുകൊണ്ടു മുസ്‌ലീങ്ങള്‍ക്ക് പൊതുസ്ഥലത്ത് നിസ്‌കരിക്കാന്‍ പാടില്ല, മാര്‍കണ്ഡേയ കട്ജു.

ലകനൗ: പൊതുസ്ഥലത്ത് നിസ്‌കരിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള യു.പി പൊലീസ് ഉത്തരവ് ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1) (b) യുടെ ലംഘനമാണെന്ന് മാര്‍കണ്ഡേയ കട്ജു. ആര്‍.എസ്.എസിന് പൊതുസ്ഥലത്ത് ശാഖകള്‍ നടത്താമെങ്കില്‍ എന്തുകൊണ്ടു   മുസ്‌ലീങ്ങള്‍ക്ക് പൊതുസ്ഥലത്ത് നിസ്‌കരിക്കാന്‍ പാടില്ലെന്ന് അദ്ദേഹം ചോദിച്ചു. പല പൊതുസ്ഥലങ്ങളിലും താൻ ആര്‍.എസ്.എസ് ശാഖകള്‍ കണ്ടിട്ടുണ്ടെന്നും , മുസ്‌ലീങ്ങള്‍ പൊതുജനങ്ങളുടെ ഭാഗമല്ലേയെന്നും പൊതു ഇടങ്ങളായ പാര്‍ക്കു പോലുള്ള സ്ഥലങ്ങളില്‍ അവര്‍ പ്രാര്‍ത്ഥന നടത്തുന്നതിനെ എങ്ങനെ വിലക്കാന്‍കഴിയുമെന്നും അദ്ദേഹം ചോദിച്ചു. സമാധാനപരമായി ആയുധങ്ങളൊന്നുമില്ലാതെ ഒത്തുചേരാനുള്ള അവകാശം ഭരണഘടന എല്ലാ പൗരന്മാര്‍ക്കും ഉറപ്പു നല്‍കുന്നുണ്ട് അതുകൊണ്ടുതന്നെ യു.പി പൊലീസിന്റെ ഈ ഉത്തരവിനെ ശക്തമായി എതിര്‍ക്കുന്നെന്നും അദ്ദേഹം പറഞ്ഞു.മുസ്‌ലീങ്ങള്‍ പള്ളികളില്‍ നമസ്‌കരിക്കണമെന്നു പറയുന്നവർ പള്ളികള്‍ നിര്‍മ്മിക്കാനുള്ള അനുമതി നൽകണം,പലപ്പോഴും അനുമതി നൽകാറില്ലയെന്നതാണ് സത്യം സ്ഥലപരിമിതിയുണ്ടെന്നാണ് പറയാറ്,  അദ്ദേഹം കൂട്ടിച്ചേർത്തു.

നോയിഡയിലെ ഇന്‍ഡസ്ട്രീയല്‍ ഹബ്ബുകള്‍ക്ക് സമീപത്തുള്ള നിസ്‌കാരമാണ് യു.പി പൊലീസ് നിരോധിച്ചിരിക്കുന്നത്. പാര്‍ക്കുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും നിസ്‌കാരം നടത്താന്‍ പാടില്ലെന്നും ഇത്തരത്തില്‍ നിസ്‌കാരം നടത്താന്‍ കമ്പനികള്‍ അനുവദിക്കാന്‍ പാടില്ലെന്നും നിരോധനം ലംഘിച്ചാല്‍ കമ്പനിയ്ക്കെതിരെ നടപടിയെടുക്കുമെന്നുമാണ് പൊലീസ് മുന്നറിയിപ്പ്.

27-Dec-2018