ഇന്ത്യ – ചൈന ചർച്ചയെ സ്വാഗതം ചെയ്ത് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി രംഗത്ത്. ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള രണ്ട് രാജ്യങ്ങൾ തമ്മിൽ അടുക്കുന്നത് ലോക സമാധാനത്തിന് അനിവാര്യമാണെന്നാണ് എം.എ ബേബി പറഞ്ഞത്.
ലോക രാഷ്ട്രീയത്തെ കുറിച്ച് സാമാന്യ ബോധമുള്ള എല്ലാവരും സ്വാഗതം ചെയ്യും. ഏക ധ്രുവ ലോകത്തിൽ നിന്നും ബഹു ധ്രുവ ലോകത്തിലേക്കുള്ള മാറ്റമാണ് ഇപ്പോൾ നടക്കുന്നത്. ബ്രിക്സ് ശക്തിപ്പെടുത്തുന്നതും പ്രതീക്ഷ നൽകുന്നു. അമേരിക്കൻ സാമ്രാജ്യത്വം തനിസ്വഭാവം കാണിക്കുകയാണ്. ട്രംപ് ചുങ്ക യുദ്ധം ആണ് നടത്തുന്നതെന്നും എം.എ ബേബി കൂട്ടിച്ചേർത്തു.
അതേസമയം ജനങ്ങളുടെ ശക്തി പ്രകടനമായി പട്നയിലെ വോട്ടർ അധികാർ യാത്രയുടെ സമാപന ചടങ്ങ് മാറുമെന്നും എം എ ബേബി പറഞ്ഞു. വോട്ട് അധികാർ യാത്ര ജനങ്ങളുടെ മനസിലേക്ക് ഇറങ്ങി ചെന്നു. ഭരണം പിടിക്കാൻ വളരെ സൂക്ഷ്മതയോടെ മഹാഗഡ്ബന്ധൻ നീങ്ങണം. അങ്ങനെയെങ്കിൽ ഇന്ത്യയുടെ രാഷ്ട്രീയ മാറ്റത്തിന്‍റെ തുടക്കം ബിഹാറിൽ ആയിരിക്കും.
കേരള നേതാക്കളുടെ അസാന്നിധ്യമെന്ന കോൺഗ്രസ് നേതാക്കളുടെ വിമർശനം ശ്രദ്ധയിൽ പെട്ടിട്ടില്ല. ഇല്ലാത്ത വിഷയങ്ങളെ ഊതി പെരുപ്പിക്കരുത്. ഇടത് പാർട്ടികൾ യാത്രയിൽ സജീവമാണ്. പിബി അംഗങ്ങൾ അടക്കം നേരത്തെ വന്നതാണെന്നും എം . എ ബേബി വ്യക്തമാക്കി.