കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളവും ബോണസ് വിതരണവും ആരംഭിച്ചു

സംസ്ഥാനത്ത് കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളവും ബോണസ് വിതരണവും ആരംഭിച്ചു. താൽക്കാലിക ജീവനക്കാർക്കും ഇത്തവണ ബോണസ് നൽകുമെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം ഓണത്തിന് മുന്നേ ശമ്പളം എത്തിയതിൽ വലിയ സന്തോഷമെന്ന് ജീവനക്കാരും പ്രതികരിച്ചു.

കഴിഞ്ഞ കുറച്ചു മാസങ്ങളായി ഒന്നാം തീയതിക്ക് മുൻപ് ശമ്പളം എത്തുന്നുണ്ടെങ്കിലും ഓണത്തിനും നേരത്തെ ശമ്പളം എത്തിയതിന്റെ സന്തോഷത്തിലാണ് കെഎസ്ആർടിസി ജീവനക്കാർ. കേന്ദ്രം ഇന്ധന വിലയിൽ വർദ്ധനവ് വരുത്തിയ സാഹചര്യത്തിലും പ്രതിസന്ധികളെ മറികടന്ന് സർക്കാർ, ഇത്തവണ താൽക്കാലിക ജീവനക്കാർക്ക് 1000 രൂപ ബോണസും വിതരണം ചെയ്യുകയാണ്.

ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാർ തന്നെയാണ് ശമ്പള വിതരണം അറിയിച്ചത്. ഓണമല്ലേ, നിങ്ങൾ ആഘോഷിക്കാതെ ഞങ്ങൾക്ക് എന്ത് ആഘോഷമെന്നും മന്ത്രി തന്‍റെ ഫേസ് ബുക്കിൽ കുറിച്ചു. മാസം 50 കോടിയോളം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ കെഎസ്ആർടിസി ശമ്പളത്തിനായി സഹായം നല്‍കുന്നത്.

01-Sep-2025