അമിത് ഷാ പരാമര്‍ശത്തില്‍ ബിജെപി നിലപാടിനെ പരിഹസിച്ച് മഹുവ മോയ്ത്ര

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് ഛത്തീസ്ഗഡിലെ റായ്പൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മോയ്ത്രയ്‌ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. അമിത് ഷായുടെ തലവെട്ടണമെന്ന് പറഞ്ഞുവെന്ന് പറഞ്ഞു ബിജെപി തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മോയ്ത്രയ്‌ക്കെതിരെ രൂക്ഷവിമര്‍ശവനവും കേസുമായും രംഗത്ത് വന്നതോടെ ബിജെപിയെ കണക്കിന് പരിഹസിച്ചാണ് മഹുവ മോയ്ത്ര തിരിച്ചടിച്ചത്. തന്റെ പരാമര്‍ശം ഭാഷാശൈലിയുടെ ഭാഗമാണെന്നും വിഡ്ഢികള്‍ക്ക് ശൈലി പ്രയോഗങ്ങള്‍ മനസ്സിലാകില്ലെന്നും മൊയ്ത്ര തുറന്നടിച്ചു.

മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസും ബംഗ്ലാദേശികളെ ബംഗാളിലൂടെ രാജ്യത്തേക്ക് കടത്തുന്നുവെന്ന തരത്തില്‍ ബിജെപിയുടെ വ്യാപക ആക്ഷേപങ്ങള്‍ക്ക് മറുപടി പറയവേയാണ് മഹുവ മോയ്ത്ര ഇംഗ്ലീഷിലെ ഒരു ശൈലീപ്രയോഗം നടത്തിയത്. അനധികൃത ബംഗ്ലാദേശി നുഴഞ്ഞുകയറ്റം തടയുന്നതില്‍ പരാജയപ്പെട്ടത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഉത്തരവാദിത്തമാണെന്ന തരത്തിലാണ് മഹുവ മോയ്ത്ര പ്രസംഗിച്ചത്.

തന്റെ ഉത്തരവാദിത്തത്തില്‍ പരാജയപ്പെട്ട കേന്ദ്ര ആഭ്യന്തരമന്ത്രി അതിന്റെ പ്രത്യാഘാതം ഏറ്റുവാങ്ങണമെന്ന നിലയില്‍ (ഹിസ് ഹെഡ് ഷുഡ് ബി കട്ട് ഓഫ് ആന്റ് പുട്ട് ഓണ്‍ ദ് ടേബിള്‍ എന്നാണ് മൊയ്ത്ര പ്രയോഗിച്ചത്. ഇതില്‍ അമിത് ഷായുടെ തലവെട്ടാന്‍ ആഹ്വാനം ചെയ്തുവെന്ന് പറഞ്ഞാണ് ബിജെപി മഹുവ മോയ്ത്രയ്‌ക്കെതിരെ കേസിനിറങ്ങിയത്.


അതൊരു ഭാഷാശൈലി ആണെന്നും ആ സ്ഥാനത്തിരിക്കുന്ന വ്യക്തി അവിടെയിരിക്കാന്‍ യോഗ്യനല്ല, അയാളെ ഒഴിവാക്കണം എന്നുമാണ് ഇതിന്റെ അര്‍ത്ഥമെന്നുമാണ് മഹുവ മൊയ്ത്ര വിശദീകരിക്കുന്നത്. എക്സില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഭാഷാശൈലികളെ കുറിച്ച് മഹുവ മോയ്ത്ര ക്ലാസെടുക്കുന്നുണ്ട്.

‘2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ അബ്കി ബാര്‍, 400 പാര്‍ എന്ന മുദ്രാവാക്യം തകര്‍ന്നടിഞ്ഞു. ഈ ഫലം നരേന്ദ്ര മോദിയുടെ മുഖത്തേറ്റ അടിയാണെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അപ്പോള്‍ ആരെങ്കിലും പോയി പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ മുഖത്തടിച്ചോ? ഇല്ല… പലരുടെയും തല ഉരുളും എന്ന് എല്ലാവരും പറഞ്ഞു. തലകള്‍ ഉരുണ്ടോ?’ ‘ഇംഗ്ലീഷ് ഭാഷയില്‍ ഇവയെ ഭാഷാശൈലികള്‍ എന്ന് പറയുന്നു. ‘ഹെഡ്സ് വില്‍ റോള്‍’ എന്നത് ഉത്തരവാദിത്തം എന്നതിന്റെ ഒരു ശൈലിയാണ്. അതുപോലെ, ബംഗാളി ഭാഷയില്‍ ‘ലൊജ്ജയ് മാതാ കാത ജാവ’ എന്നാല്‍ നിങ്ങള്‍ ലജ്ജിച്ച് സ്വന്തം തല വെട്ടാന്‍ തയ്യാറാകുന്നു എന്നാണ് അര്‍ത്ഥമാക്കുന്നത്. ‘മാതാ കാത ജാവ’ എന്ന് പറയുമ്പോള്‍ ഉത്തരവാദിത്തം ഏറ്റെടുക്കുക എന്നാണ് അര്‍ത്ഥം. ഇതൊരു ശൈലിയാണ്.’

‘ബംഗാളി വാക്കുകള്‍ ഇംഗ്ലീഷിലേക്കും ഇംഗ്ലീഷ് ഹിന്ദിയിലേക്കും വിവര്‍ത്തനം ചെയ്യാന്‍ ഗൂഗിള്‍ ട്രാന്‍സ്ലേറ്റ് ഉപയോഗിച്ച് വ്യാജ എഫ്ഐആറുകള്‍ ഫയല്‍ ചെയ്യുമ്പോള്‍ ഇതാണ് സംഭവിക്കുന്നതെന്നും അവര്‍ പരിഹസിച്ചു. ഇതൊരു പ്രയോഗശൈലിയാണെന്ന് വിഡ്ഢികള്‍ക്ക് പ്രയോഗശൈലി മനസ്സിലാകുന്നില്ലെന്നും അവിടെയെത്തിയാണ് നാം നില്‍ക്കുന്നതെന്നും മഹുവ മോയ്ത്ര പറഞ്ഞു. മോയ്ത്രയുടെ പരാമര്‍ശങ്ങള്‍ ജനാധിപത്യ സ്ഥാപനങ്ങളെ അപമാനിക്കുകയും വിദ്വേഷം പ്രചരിപ്പിക്കുകയും ദേശീയ ഐക്യത്തിന് ഭീഷണിയുയര്‍ത്തുകയും ചെയ്തുവെന്ന് ആരോപിച്ച് റായ്പൂര്‍ സ്വദേശി ഗോപാല്‍ സാമന്തോ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മോയ്ത്രയ്‌ക്കെതിരെ കേസെടുത്തത്.

01-Sep-2025