ലക്നൗ: ഉത്തര്‍പ്രദേശില്‍ ആള്‍ക്കൂട്ടാക്രമണം നിയന്ത്രിക്കുന്നതിനിടെ പോലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങ് കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ ടാക്‌സി ഡ്രൈവർ പ്രശാന്ത് നാട്ട് എഫ്‌ഐആറില്‍ പേരു പോലും പരാമർശിക്കപ്പെടാത്തയാൾ. നോയിഡയ്ക്ക് സമീപത്തുനിന്നുമാണ് പ്രതിയെ പിടികൂടിയത്. എന്നാല്‍ ആള്‍ക്കൂട്ട ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ ഇപ്പോള്‍ പിടിയിലായ പ്രശാന്തിന്റെ പേരുണ്ടായിരുന്നില്ല. വീഡിയോ ദൃശ്യങ്ങളുടേയും സാക്ഷിമൊഴികളുടേയും അടിസ്ഥാനത്തിലാണ് പ്രശാന്തിന്റെ അറസ്റ്റെന്നാണ് പോലീസ് ഭാഷ്യം. പ്രശാന്ത് തന്നെയാണ് സുബോധ് കുമാറിന് വെടിവച്ചതെന്ന് സമ്മതിച്ചിട്ടുണ്ടെ ന്നും പോലീസ് അറിയിച്ചു.
അതേസമയം പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത് യഥാർത്ഥ പ്രതിയെയ അല്ലായെന്ന ആരോപണം ഉയർന്നിട്ടുണ്ട്. മുഖ്യപ്രതിയെന്ന് ആരോപിക്കപ്പെടുന്ന ബജ്രംഗ്ദള്‍ നേതാവ് യോഗേഷ് രാജ് ഇപ്പോഴും ഒളിവിലാണ്. ഗോമാംസം കൈവശം വെച്ചുവെന്ന് ആരോപിച്ച് ദാദ്രിയില്‍ അഖ്‌ലാക്ക് എന്നയാളെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന കേസ് ആദ്യം അന്വേഷിച്ചത് സുബോധ് കുമാറായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ മരണത്തില്‍ ഗൂഡാലോചനയുണ്ടെന്ന് കുടുംബം നേരത്തെതന്നെ ആരോപിച്ചിരുന്നു.ഉത്തര്‍പ്രദേശിലെ ബുലന്ദ്ജി ശഹർ ജില്ലയിലെ സിയാന ഗ്രാമത്തില്‍ പശുവിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നുണ്ടായ ആള്‍ക്കൂട്ട ആക്രമണം നിയന്ത്രിക്കാന്‍ എത്തിയ പോലീസ് ഉദ്യോഗസ്ഥനായിരുന്നു കൊല്ലപ്പെട്ട സുബോധ് കുമാര്‍ . മറ്റൊരാളും ഇക്കൂട്ടത്തില്‍ കൊല്ലപ്പെട്ടിരുന്നു.