രാഹുലിനെതിരെ നിലപാട് കടുപ്പിച്ച് വി ഡി സതീശനും രമേശ് ചെന്നിത്തലയും
അഡ്മിൻ
രാഹുലിനെതിരെ നിലപാട് കടുപ്പിച്ച് വി ഡി സതീശനും രമേശ് ചെന്നിത്തലയും. രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയും ഉറച്ച് നിൽക്കുന്നത്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമത്തില്‍ വിട്ടുവീഴ്ചയില്ലെന്നാണ് നേതാക്കളുടെ പക്ഷം.
രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുന്ന യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ നിലപാടിലും നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. രാഹുലിനെതിരെ നടപടിയെടുത്തത് ഐക്യകണ്‌ഠേനെയെന്നാണ് നേതാക്കളുടെ പക്ഷം. രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസിലെ ഒരു വിഭാഗം സംരക്ഷിക്കുന്നു എന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് നിലപാട് കടുപ്പിച്ച് മുതിര്‍ന്ന നേതാക്കള്‍ എത്തിയിരിക്കുന്നത്.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ സസ്‌പെന്‍ഷന്‍ നടപടി പ്രഖ്യാപിച്ചത് കെപിസിസി അധ്യക്ഷനാണ്. കെപിസിസി നടപടി പരസ്യമായി ചോദ്യം ചെയ്യുന്നത് അച്ചടക്ക ലംഘനമാണെന്നാണ് വി ഡി സതീശന്റെയും രമേശ് ചെന്നിത്തലയുടെയും നിലപാട്. അടൂര്‍ പ്രകാശിന്റെ നിലപാട് എതിരാളികള്‍ ആയുധമാക്കുമെന്നും നേതാക്കള്‍ വിലയിരുത്തുന്നു.
ഇന്നലെയാണ് രാഹുലിനെ പിന്തുണച്ചുകൊണ്ടുള്ള അടൂര്‍ പ്രകാശിന്റെ പ്രതികരണം വന്നത്. പുറത്തുവന്ന ശബ്ദരേഖകളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ എഐയുടെ കാലമല്ലേയെന്നായിരുന്നു അടൂര്‍ പ്രകാശിന്റെ മറുപടി. ഇതുവരെയും രാഹുലിനെതിരെ പരാതി ലഭിച്ചിട്ടില്ലെന്നും യൂത്ത് കോണ്‍ഗ്രസിന്റെ പ്രസിഡന്റ് സ്ഥാനം ഒഴിയാനാണ് രാഹുലിനോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടതെന്നും എംഎല്‍എ സ്ഥാനം ഒഴിയാന്‍ പറഞ്ഞിട്ടില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞിരുന്നു.