രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിർണായക വിവരങ്ങൾ: ഗർഭച്ഛിദ്രത്തിന് വിധേയരായത് രണ്ട് യുവതികൾ‌?

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈം​ഗികാരോപണത്തിൽ ക്രൈംബ്രാഞ്ചിന് നിർണായക വിവരങ്ങൾ ലഭിച്ചെന്ന് റിപ്പോർട്ട്. രണ്ട് യുവതികൾ ഗർഭച്ഛിദ്രത്തിന് വിധേയമായെന്ന് വിവരമാണ് ഇപ്പോൾ‌ പുറത്ത് വരുന്നത്. മാത്യഭൂമി ന്യൂസാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടിരിക്കുന്നത്. ആദ്യം ഗർഭച്ഛിദ്രത്തിന് വിധേയമായ യുവതിയും ബന്ധുവും രണ്ടാമത്തെ യുവതിയെ സഹായിച്ചെന്നും സൂചനയുണ്ട്.

ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ബെം​ഗളൂരുവിലെ ആശുപത്രിയിലേക്ക് നീങ്ങുകയാണെന്ന വിവരവും പുറത്ത് വരുന്നുണ്ട്. അന്വേഷണത്തില്‍ ഒരു യുവതിയെ ഗര്‍ഭച്ഛിദ്രത്തിന് വിധേയമാക്കിയത് ബെംഗളൂരുവിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പരാതിക്കാരായ യുവതികളുടെ മൊഴി രേഖപ്പെടുത്താനുള്ള ശ്രമങ്ങള്‍ ക്രൈംബ്രാഞ്ച് ആരംഭിച്ചു. മൊഴി നല്‍കാന്‍ അവര്‍ വിസമ്മതിച്ചാല്‍ നിയമോപദേശം തേടാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.

ലൈംഗികാരോപണക്കേസില്‍ ഇരകളെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കുന്നതായും ആരോപണമുണ്ട്. സംഭവത്തില്‍ വിശദമായ പരിശോധനയ്ക്കുള്ള തയാറെടുപ്പിലാണ് ക്രൈംബ്രാഞ്ച്. രാഹുലിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷണസംഘം പരിശോധിക്കും. മാധ്യമ പ്രവര്‍ത്തകരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും. നാല് വനിതാ മാധ്യമപ്രവര്‍ത്തകരുടെ മൊഴിയെടുക്കും.

02-Sep-2025