എത്ര ചവിട്ടിത്താഴ്ത്താൻ ശ്രമിച്ചാലും സമത്വം ഉയർന്നു വരും : മന്ത്രി പി. രാജീവ്
അഡ്മിൻ
സമത്വത്തിൻ്റെ ദർശനമാണ് ഓണം മുന്നോട്ട് വെക്കുന്നതെന്നും എത്ര ചവിട്ടി താഴ്ത്താൻ ശ്രമിച്ചാലും സമത്വം ഉയർന്നു വരുമെന്നും അതിൻ്റെ ഉദാഹരണമാണ് മഹാബലി ചക്രവർത്തിയെന്നും വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു.
ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും (ഡി.ടി.പി.സി) വിനോദസഞ്ചാര വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന 'ലാവണ്യം 25' ഓണാഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സമൃദ്ധമായി ഓണം ആഘോഷിക്കുന്നതിനുള്ള എല്ലാ പ്രവർത്തനങ്ങളും സർക്കാർ നടത്തിയിട്ടുണ്ട്. സിവിൽ സപ്ലൈസ് മുഖേന കുറഞ്ഞ വിലയിൽ അവശ്യസാധനങ്ങൾ ജനങ്ങളിലേക്ക് എത്തിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ വിപണിയായിരുന്നു ഇത്തവണത്തേത്. രണ്ട് കോടിയിലധികം ആളുകളാണ് സിവിൽ സപ്ലൈസ് വഴിയുള്ള സംവിധാനങ്ങൾ ഉപയോഗിച്ചത്. വിവിധ തരത്തിലുള്ള സാമൂഹ്യ പെൻഷനുകളും ബോണസും സമയബന്ധിതമായി ജനങ്ങളിലേക്ക് എത്തിക്കാനും കഴിഞ്ഞു - മന്ത്രി പറഞ്ഞു.
എറണാകുളം ദർബാർഹാൾ മൈതാനിയിൽ നടന്ന ചടങ്ങിൽ ടി.ജെ വിനോദ് എം.എൽ.എ അധ്യക്ഷത വഹിച്ചു. തുടർന്ന് മന്ത്രി പി. രാജീവ് ഇടയ്ക്ക കൊട്ടി ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.
ഇൻക്ലുസീവ് ടൂറിസത്തിലും സ്കൂബ ഡൈവിംഗിലും നടത്തിയ ശ്രദ്ധേയ സംരംഭങ്ങൾക്ക് സ്കൂബ ഡൈവിംഗ് സെൻ്ററായ
അക്വാലിയോയുടെ ഡയറക്ടർ ജോസഫ് ഡെലീഷിനെയും, വെള്ളത്തിനടിയിൽ ദേശീയ പതാക ഉയർത്തി ഇൻ്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി ശ്രദ്ധേയനായ ഭിന്നശേഷി യുവാവ് പി.എൻ റമീസിനേയും ആദരിച്ചു.
ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ കെ.ജെ മാക്സി , കെ.എൻ ഉണ്ണികൃഷ്ണൻ, ജില്ലാ കളക്ടർ ജി. പ്രിയങ്ക, കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. എം. അനിൽകുമാർ, കൗൺസിലർ പത്മജ മേനോൻ, ഡി.ടി.പി.സി സെക്രട്ടറി ലിജോ ജോസഫ്, എക്സിക്യൂട്ടീവ് അംഗങ്ങളായ പി.ആർ റെനീഷ്, ടി.കെ ഷെബീബ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ.ബി ബിജു തുടങ്ങിയവർ പങ്കെടുത്തു