ഭീം ആർമി ചീഫ് ചന്ദ്രശേഖർ ആസാദ് കരുതൽ തടങ്കലിൽ

മുംബൈ. വെള്ളിയാഴ്ച മുംബയിലെത്തിയ ഭീം ആർമി ചീഫ് ചന്ദ്രശേഖർ ആസാദിനെ മഹാരാഷ്ട്ര സര്‍ക്കാർ കരുതൽ തടങ്കലിലാക്കിയതായി പരാതി. സബർബൻ മുംബൈയിലെ ഒരു ഹോട്ടലിൽ തന്നെ മഹാരാഷ്ട്ര പോലീസ് തടങ്കലിൽ വച്ചിരിക്കുകയാണെന്നാണ് ഹോട്ടലിൽ നിന്നും വിഡിയോയിൽ വന്നു ആസാദ് അവകാശപ്പെടുന്നത്. തന്നെയും കുടെയുള്ളവരെയും മാധ്യമങ്ങളെപ്പോലും കാണാൻ അനുവദിക്കുന്നില്ലെന്നും അനുവാദമില്ലാതെ ഹോട്ടലിനു വെളിയിൽ ഇറങ്ങരുതെന്നും പോലീസ്ത്ത ഉത്തരവ് നല്‍കിയതായി ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു. അസദിനെയും കൂടെ എത്തിയവരെയും കാണാൻ തങ്ങളെയും അനുവദിക്കുന്നില്ലെന്ന് ഭീം ആർമി മുംബൈ യൂണിറ്റ് നേതാക്കളും പറഞ്ഞു.

ശനിയാഴ്ച വർലിയിലെ ജംബോറി മൈദാനിൽ നടക്കുന്ന റാലിയിൽ പങ്കെടുക്കാനാണ് ആസാദ് മുംബൈയിൽ എത്തിയത്.  ആദ്യമായാണ് ആസാദ് മുംബയിൽ എത്തുന്നത്. എന്നാൽ പി ഡബ്ള്യു ഡി യുടെ പേരിലുള്ള മൈതാനത്ത് റാലി നടത്താനായി ഫീസ് അടച്ചു അനുമതി വാങ്ങിയെങ്കിലും മഹാരാഷ്ട്ര പോലീസ് അനുമതി നൽകാത്തതിനെതിരെ ഭീം ആർമി മഹാരാഷ്ട്ര സ്റ്റേറ്റ് പ്രസിഡന്റ് അശോക് കാംബ്ലെ രംഗത്ത് വന്നു. തങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ലോ ആൻഡ് ഓർഡറിന്റെ പേര് പറഞ്ഞു റദ്ദു ചെയ്യുകയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു , ഇത് ഭരണഘടനാ ലംഘനമാണ് , അദ്ദേഹം പറഞ്ഞു.


എന്നാൽ കൾച്ചറൽ പരിപാടികൾ മാത്രമേ മൈതാനത്തു നടത്താൻ അവകാശമുള്ളുവെന്നും പരിപാടി ഷൺമുഖാനന്ദ ഹാളിലേക്ക് മാറ്റണമെന്ന പോലീസിന്റെ ആവശ്യം ഭീം ആർമി നേതാക്കൾ അംഗീകരിച്ചില്ലെന്നും മുംബൈ പോലീസ് അവകാശപ്പെട്ടു. സി പി എം അസദിന്റെ അറസ്റ്റിനെ അപലപിച്ചു, അദ്ദേഹത്തെ ഉടനടി വിട്ടയക്കണമെന്നും ആവശ്യപ്പെട്ടു.

29-Dec-2018