ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിലില്‍ ഒരു ലക്ഷം പേരെ പങ്കെടുപ്പിക്കുമെന്ന് യാക്കോബായ സഭ

മതേതര മൂല്യങ്ങള്‍ക്കും സ്ത്രീശാക്തീകരണത്തിനും നവോത്ഥാന മൂല്യങ്ങള്‍ക്കും വേണ്ടി അണിനിരത്തുന്ന വനിതാ മതിലില്‍ നിന്ന് മാറി നില്‍ക്കേണ്ട കാര്യമില്ലെന്ന് കൊച്ചി ഭദ്രാസനാധിപന്‍ ജോസഫ് മാര്‍ ഗ്രിഗോറിയസ് പറഞ്ഞു.

ന്യൂനപക്ഷങ്ങളടക്കമുളള ജനവിഭാഗങ്ങള്‍ ഇതില്‍ നിന്ന് മാറി നില്‍ക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡിസംബര്‍ 26ന് പുത്തന്‍കുരിശില്‍ ചേര്‍ന്ന യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ സൂനഹദോസിലാണ് വനിതാ മതിലില്‍ വിശ്വാസികളും അണി ചേരാന്‍ തീരുമാനിച്ചത്. ഒരു ലക്ഷം വനിതകളെ ജനുവരി ഒന്നിന് വനിതാ മതിലിനൊപ്പം അണിചേര്‍ക്കും. മതേതരമൂല്യങ്ങളും സ്ത്രീശാക്തീകരണവും ലക്ഷ്യമാക്കിയാണ് സര്‍ക്കാര്‍ വനിതാ മതിലില്‍ സംഘടിപ്പിക്കുന്നതെന്ന് യാക്കോബായ സഭ കൊച്ചി ഭദ്രാസനാധിപന്‍ ജോസഫ് മാര്‍ ഗ്രിഗോറിയസ് പറഞ്ഞു.

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനുളള സര്‍ക്കാരിന്റെ പരിപാടിയില്‍ നിന്നും ന്യൂനപക്ഷങ്ങള്‍ മാറി നില്‍ക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു

മെത്രാപ്പൊലീത്തമാരുടെ നേതൃത്വത്തില്‍ സഭയുടെ വനിതാ സമാജവും യൂത്ത് വിംഗും വനിതാ വിഭാഗവും കൈകോര്‍ത്താണ് വനിതാ മതിലില്‍ അണി ചേരുന്നത്. ന്യൂനപക്ഷങ്ങളെ ഉള്‍പ്പെടുത്താതെയാണ് വനിതാ മതില്‍ തീര്‍ക്കുന്നതെന്ന രമേശ് ചെന്നിത്തലയുടെ ആരോപണങ്ങളെ തളളിക്കളഞ്ഞുകൊണ്ടാണ് കേരളമൊന്നാകെ വനിതാ മതിലില്‍ അണി ചേരുന്നത്.

30-Dec-2018