തെറ്റ് ചെയ്തവരെ സംരക്ഷിക്കുന്ന സർക്കാരല്ല കേരളം ഭരിക്കുന്നത്: എംവി ജയരാജൻ
അഡ്മിൻ
പൊലീസിനെതിരായ മർദ്ദന പരാതികളിൽ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ജയരാജൻ. തെറ്റ് ചെയ്തവരെ സംരക്ഷിക്കുന്ന സർക്കാരല്ല കേരളം ഭരിക്കുന്നത്. കുറ്റക്കാരായ പൊലീസുകാരെ സർക്കാർ സംരക്ഷിക്കുന്നുവെന്ന് കെപിസിസി പ്രസിഡൻ്റ് പറഞ്ഞത് പഴയ ഓർമ്മയിൽ നിന്നാണെന്നും അദ്ദേഹം ആരോപിച്ചു. ഉരുട്ടിക്കൊന്നവരെ സംരക്ഷിച്ചായിരുന്നു കോൺഗ്രസിന്റെ പഴയ ഭരണം. രാജനെ കൊന്നവരെ സംരക്ഷിച്ച ആളാണ് കരുണാകരൻ. കേരളം ഭരിക്കുന്ന മുഖ്യമന്ത്രിക്കും പൊലീസ് മർദ്ദനം ഏറ്റിട്ടുണ്ട്.
ആ പൊലീസുകാർക്കെതിരെ നടപടി എടുത്തിട്ടില്ല. അതാണ് കോൺഗ്രസ് ചരിത്രം. ഇതാണ് ഗതകാല ഇടതുപക്ഷ ചരിത്രം. പൊലീസ് തെറ്റ് ചെയ്താൽ സംരക്ഷിക്കില്ല. ആസനത്തിൽ ആയുധം കയറ്റിയ പൊലീസുകാരനെ യുഡിഎഫ് ഭരണം സംരക്ഷിച്ചിട്ടുണ്ട്. ഇടതുപക്ഷം വന്നപ്പോൾ നടപടിയെടുത്തെന്നും എംവി ജയരാജൻ കൂട്ടിച്ചേർത്തു.
അതേസമയം, പൊലീസ് സ്റ്റേഷനില്‍ മര്‍ദ്ദനമേറ്റുവെന്ന വെളിപ്പെടുത്തലുമായി ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയും എസ്എഫ്‌ഐ മുന്‍ അടൂര്‍ ഏരിയാ കമ്മിറ്റി വൈസ് പ്രസിഡന്റുമായ ഹാഷിം മുഹമ്മദ് രംഗത്തെത്തി. അടൂര്‍ പൊലീസ് സ്റ്റേഷനില്‍ മര്‍ദ്ദനമേറ്റുവെന്നാണ് ഹാഷിം മുഹമ്മദിന്റെ ആരോപണം. അടൂര്‍ സിഐയായിരുന്ന യു ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് ഹാഷിം പറയുന്നത്. 2021 മാര്‍ച്ചിലാണ് സംഭവം നടന്നത്.