മുംബൈയിൽ നാവികസേനാ ഉദ്യോഗസ്ഥനായി വേഷംമാറിയ ആൾ ആയുധങ്ങളുമായി കടന്നു

മുംബൈയിലെ നേവൽ റെസിഡൻഷ്യൽ ഏരിയയിൽ ഗുരുതര സുരക്ഷാവീഴ്ച. നാവികസേനാ ഉദ്യോഗസ്ഥനായി വേഷംമാറിയ ആൾ നേവൽ റെസിഡൻഷ്യൽ ഏരിയയിൽനിന്ന് ആയുധങ്ങളുമായി കടന്നുകളയുകയായിരുന്നു. ഇൻസാസ് റൈഫിളും വെടിയുണ്ടകളുമാണ് ഇയാൾ അടിച്ചുമാറ്റിയത്. അതേസമയം ഇയാളെ കണ്ടെത്താനായി നാവികസേനയും മുംബൈ പൊലീസും അന്വേഷണമാരംഭിച്ചു.

ശനിയാഴ്‌ച രാത്രിയാണ് സംഭവം. കാവൽ ജോലിയിലുണ്ടായിരുന്ന ജൂനിയർ നാവികന്റെ അടുത്തേക്ക് നാവികസേനയുടെ യൂണിഫോം ധരിച്ച ഒരാൾ എത്തുകയായിരുന്നു. പകരക്കാരനായി വന്നതാണെന്ന ഭാവേന, ഇയാൾ ആയുധം കൈമാറാൻ നാവികനോട് ആവശ്യപ്പെട്ടു. ഇതുവിശ്വസിച്ച നാവികൻ തോക്കും വെടിയുണ്ടകളും ഇയാൾക്ക് കൈമാറി. എന്നാൽ പിന്നീട് അവിടെ നിന്നും ആൾമാറാട്ടക്കാരൻ അവിടെനിന്ന് അപ്രത്യക്ഷനായി.


ജൂനിയർ നാവികനെ കബളിപ്പിച്ചാണ് ഇയാൾ ആയുധം കൈവശപ്പെടുത്തിയതും കടന്ന് കളഞ്ഞതും. പിന്നീട് നാവികന് അബദ്ധം മനസ്സിലായി. ആയുധം കൈമാറിയ നാവികോദ്യോഗസ്ഥനെയും ചോദ്യംചെയ്‌തു വരികയാണ്. മോഷണംപോയ ആയുധവും വെടിക്കോപ്പുകളും കണ്ടെത്താനായി പ്രദേശം അരിച്ചുപൊറുക്കുന്നുണ്ടെന്നും നാവികസേന അറിയിച്ചു. നാവികസേനയും മുംബൈ പൊലീസും ചേർന്നാണ് അന്വേഷണം നടത്തുന്നത്.

09-Sep-2025