കോഴിക്കോട്:ലോക്സഭയിലെ ഹാജര്‍ ശതമാനത്തില്‍ കുഞ്ഞാലിക്കുട്ടി പുറകിലാണെന്നു റിപ്പോർട്ട്. കേരളത്തിലെ മറ്റ് 19 എം.പിമാരുടെ ഹാജർ 70 ശതമാനത്തിനും മേലെയാണ്, കുഞ്ഞാലിക്കുട്ടിക്കുള്ളത് വെറും 45 ശതമാനം മാത്രമെന്ന് റിപ്പോര്‍ട്ട്. കുഞ്ഞാലിക്കുട്ടിയുടെ ഹാജർ നില സമൂഹമാധ്യമങ്ങളിലും ലീഗ് കേന്ദ്രങ്ങളിലും വലിയ ചർച്ചക്കാണ് വഴി തുറന്നത്. മുത്തലാഖ് വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നതിന്റെ പേരില്‍ തുടങ്ങിയ ചർച്ചകൾ ഒടുവിൽ ലോക്സഭയിലെ കുഞ്ഞാലിക്കുട്ടിയുടെ ഹാജർ നില വരെ എത്തിനിൽക്കുന്നു. ഉപതെരഞ്ഞെടുപ്പിലൂടെ പാർലമെൻറിലെത്തിയ കുഞ്ഞാലിക്കുട്ടി 2017 ജൂലൈയിലെ ആദ്യ സമ്മേളന കാലയളവിലും കൂടുതലും അവധിയിലായിരുന്നു. ഇപ്പോൾ പാർലമെന്റ് സമ്മേളിക്കുന്ന ആദ്യ എട്ടു ദിവസത്തിൽ പകുതി ദിവസം പോലും കുഞ്ഞാലിക്കുട്ടി സഭയിലെത്തിയിട്ടില്ല. കുഞ്ഞാലിക്കുട്ടിയുടെ ഹാജർ കുറവും മുത്തലാഖ് പോലെ മുസ്ലീംലീഗിന് ഏറെ നിര്‍ണ്ണായകമായ ഒരു വിഷയത്തിലെ വോട്ടെടുപ്പിൽ പങ്കെടുക്കാതിരുന്നതും പാര്‍ട്ടിക്കുള്ളില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിയിട്ടിട്ടുണ്ട്. സമയം ഇല്ലായെങ്കിൽ അദ്ദേഹം പദവി ഒഴിയണമെന്ന് നേരത്തേ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച് പ്രാദേശിക യൂത്ത് ലീഗ് ഭാരവാഹിയുടെ കത്ത് ഫെയ്സ്ബുക്കിൽ പ്രചരിച്ചെങ്കിലും പിന്നീട് പിന്‍വലിക്കപ്പെട്ടു. കുഞ്ഞാലിക്കുട്ടിക്ക് ജാഗ്രത കുറവുണ്ടായെന്ന് ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ലീഗ് അണികള്‍ക്ക് ഇടയില്‍നിന്നും പരമ്പരാഗതമായി ലീഗിനൊപ്പം നില്‍ക്കുന്ന മതസംഘടനയായ സമസ്തയില്‍നിന്നു കുഞ്ഞാലിക്കുട്ടിക്ക് കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. ഇടതുപക്ഷത്തിന്റെ വിമര്‍ശനത്തിനു പുറമെ ഐ.എന്‍.എല്‍, എസ്.ഡി.പി.ഐ,വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിയവ പ്രത്യക്ഷ പ്രതിഷേധവുമായി രംഗത്തിറങ്ങുകയും ചെയ്തതോടെ ലീഗ് പ്രതിരോധത്തിലാവുകയും ചെയ്തു.
അതേസമയം ഈ വിഷയത്തിലുള്ള വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് ലീഗ് അഭ്യര്‍ഥിച്ചിരിക്കുകയാണ്. ലോക്‌സഭയില്‍ മുത്തലാഖ് വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്ന വിഷയത്തില്‍ കുഞ്ഞാലിക്കുട്ടിയോട് മുസ്ലീംലീഗ് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എം.പി. നല്‍കിയ വിശദീകരണം തൃപ്തികരമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് കുഞ്ഞാലിക്കുട്ടിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.