പി കെ ഫിറോസ് കേരള രാഷ്ട്രീയത്തിലെ മായാവിയെന്ന് കെ ടി ജലീൽ
അഡ്മിൻ
പി കെ ഫിറോസിനെതിരെ പറഞ്ഞ പ്രധാന കാര്യങ്ങൾ അദ്ദേഹം നിഷേധിച്ചില്ലെന്നും താൻ ഉയർത്തിയ ഒരു ആരോപണവും തള്ളി പറഞ്ഞില്ലെന്നും കെ ടി ജലീൽ എംഎൽഎ. അഞ്ചേകാൽ ലക്ഷം രൂപ മാസ ശമ്പളം ലഭിക്കാൻ പി കെ ഫിറോസ് കമ്പനിക്ക് വേണ്ടി ചെയ്യുന്ന ജോലി എന്താണെന്നും ജലീൽ ചോദിച്ചു.
താൻ ഉയർത്തിയ ഒരു ആരോപണവും ഫിറോസ് തള്ളി പറഞ്ഞില്ല. എത്ര എക്സ്പോർട്ടുകൾ സെയിൽസ് മാനേജർ എന്ന നിലയ്ക്ക് ഫിറോസ് നടത്തുന്നുണ്ടെന്നും അത് പറയാൻ അദ്ദേഹം ബാധ്യസ്ഥനാണെന്നും ജലീൽ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് യുഎഇ വിസ കുറച്ചു കാലത്തേക്ക് വേണ്ടെന്ന് വെച്ചു. ചെറിയ ഇടവേളയ്ക്ക് ശേഷം അതേ വിസ വീണ്ടും പുതുക്കി. ദുബായിൽ എവിടെയാണ് കമ്പനിയുടെ ഓഫീസ് പ്രവർത്തിക്കുന്നതെന്നും ആർക്കും കമ്പനി എവിടെ ആണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും ജലീൽ പരിഹസിച്ചു.
യുഎഇയിലെ ബിസിനസ് സംബന്ധമായ കാര്യങ്ങൾ ഫിറോസ് പുറത്തു വിടണം. ആകെ മൂന്ന് ജീവനക്കാരെ ഈ കമ്പനിയിലുള്ളൂ. മൂന്ന് മാനേജർമാർ മാത്രമുള്ള കമ്പനി. ഒരോഫീസിൽ തൂപ്പുകാർ എങ്കിലും വേണമല്ലോ. അതും ചെയ്യുന്നത് മാനേജർമാരാണോയെന്നും അദ്ദേഹം ചോദിച്ചു. പി കെ ഫിറോസ് കേരള രാഷ്ട്രീയത്തിലെ മായാവിയാണ്. കുമ്പിടി എന്ന് പറഞ്ഞാൽ അത് ചെറുതാവുമെന്നും കെ ടി ജലീൽ പരിഹസിച്ചു. മുസ്ലിം ലീഗിലെ എല്ലാ നേതാക്കൾക്കും ജോബ് വിസ ഉണ്ടോ എന്ന ചോദ്യവും കെ ടി ജലീൽ ഉന്നയിച്ചു.
സി എച്ച് മുഹമ്മദ് കോയക്ക് ഫിറോസിനെ പോലെ സാമർത്ഥ്യം ഇല്ലായിരുന്നു. അദ്ദേഹത്തിന് ഒന്നും അറിയില്ല. സിഎച്ച് അല്ല ഫിറോസിന്റെ രാഷ്ട്രീയ ഗുരു എന്ന് മനസ്സിലായി. യൂത്ത് ലീഗ് പിരിച്ച ഭീമമായ തുക പി കെ ഫിറോസ് മുക്കിയിട്ടുണ്ട്. കത്വ-ഉന്നാവോ ഫണ്ട് ദുർവിനിയോഗം ചെയ്തുവെന്നും കെ ടി ജലീൽ ആരോപിച്ചു.