കെഎസ്ആർടിസി നിരത്തിലേക്ക് 181 ബസുകൾകൂടി ഇറക്കാൻ തയ്യാറെടുക്കുന്നു. ഒരുകോടി രൂപ അധിക കളക്ഷൻ ലക്ഷ്യമിട്ടുകൊണ്ടാണ് പുത്തൻ ബസുകൾ നിരത്തിലേക്ക് എത്തിക്കുന്നത്. പ്ലാൻ ഫണ്ടും ബജറ്റ് വിഹിതവും ചേർത്താണ് പുത്തൻ ബസുകൾ നിരത്തിൽ എത്തിക്കുന്നത്. ആദ്യഘട്ടത്തിൽ 143 ബസും രണ്ടാംഘട്ടത്തിൽ 126 ബസുമാണ് വാങ്ങുന്നത്. ആകെ വാങ്ങാൻ പദ്ധതിയിട്ടിരിക്കുന്ന 269 ബസുകളിൽ 88 എണ്ണം ഇപ്പോൾതന്നെ എത്തികഴിഞ്ഞു. രണ്ടാംഘട്ടത്തിലുൾപ്പെട്ടിരിക്കുന്ന നാല് വോൾവോ ബസുകളും എത്തി കഴിഞ്ഞു. ഈ വോൾവോ ബസുകൾ ബെംഗളൂരു റൂട്ടിൽ താൽക്കാലികമായി ഓടിക്കും.
നിലവിൽ കെഎസ്ആർടിസിയുടെ പ്രതിദിന കളക്ഷൻ എന്നത് ശരാശരി എട്ട് കോടി രൂപയ്ക്ക് താഴെയാണ്. ഇത് എട്ടര– ഒൻപത് കോടിയിലേക്ക് എത്തിക്കാൻ പുത്തൻ ബസുകൾ എത്തുന്നതോടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കെഎസ്‌ആർടിസി നാല്പതുവർഷത്തിന് ശേഷം 1.57 കോടി രൂപയുടെ ലാഭം സെപ്തംബർ എട്ടിന് കളക്ഷനിൽ സൃഷ്ടിച്ചിരുന്നു. 10.19 കോടി രൂപയായിരുന്നു അന്നേ ദിവസം കെഎസ്ആർടിസി കളക്ഷനിൽ നേടിയത്. ഡ്രൈവിങ് സ്‌കൂളുകൾ മുഖേനയും കെഎസ്ആർടിസി ലാഭമുണ്ടാക്കുന്നുണ്ട്.
കൊച്ചിയിലും തിരുവനന്തപുരത്തും മൂന്നാറിലും സർവീസ് നടത്തുന്ന ഡബിൾ ഡക്കർ ബസുകളും ലാഭത്തിലാണ് പ്രവർത്തിക്കുന്നത്. തൃശൂർ, കോഴിക്കോട് ജില്ലകളിലേക്കും ഉടൻ തന്നെ പുത്തൻ ഡബിൾ ഡക്കർ ബസുകൾ എത്തും. കുട്ടിബസ് 50, സൂപ്പർഫാസ്‌റ്റ് 110, ഫാസ്‌റ്റ് 50, സീറ്റർ എട്ട്, സീറ്റർ കം സ്ലീപ്പർ 10, സ്ലീപ്പർ എട്ട്, ലിങ്ക് ബസ് 27 എന്നിങ്ങനെയാണ് ഇത്തരത്തിൽ പുതുതായി എത്തിക്കാൻ പോകുന്ന കെ എസ് ആർ ടി സി ബസുകൾ.