കടുത്ത പ്രതിരോധത്തില്‍ വയനാട്ടിലെ കോണ്‍ഗ്രസ് നേതൃത്വം

പാര്‍ട്ടിയിലെ ആഭ്യന്തരപ്രശ്നങ്ങളിലും നേതാക്കളുടെ ആത്മഹത്യകളിലും പ്രതിരോധത്തിലായി വയനാട്ടിലെ കോണ്‍ഗ്രസ് നേതൃത്വം. ഗ്രൂപ്പ് പോരിനെ തുടര്‍ന്ന് വാര്‍ഡ് പ്രസിഡന്റിനെ കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി മണ്ഡലം വൈസ് പ്രസിഡന്റ് ജോസ് നെല്ലേടം ആത്മഹത്യ ചെയ്തിരുന്നു. ഇതിന് പിറകേയാണ് വയനാട് മുന്‍ ഡിസിസി ട്രഷറര്‍ എന്‍.എം.വിജയന്റെ മരുമകള്‍ പത്മജയും ആത്മഹത്യ ശ്രമം നടത്തിയത്.

സംഭവത്തില്‍ എന്‍ എം വിജയന്റെയും ജോസ് നെല്ലേടത്തിന്റെയും കുടുംബങ്ങള്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തുമെന്നാണ് പുറത്തുവരുന്ന സൂചന. ഇതിന്റെ ഭാഗമായി ഇന്നലെ തന്നെ പത്മജയുടെ മകന്‍ കോണ്‍ഗ്രസിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിനെതിരെ ഗുരുതര ആരോപണങ്ങളാണ് കഴിഞ്ഞ ദിവസം പത്മജ ഉന്നയിച്ചത്. കോണ്‍ഗ്രസ് എംഎല്‍എ ടി സിദ്ദിഖിനെതിരായ പരാമര്‍ശങ്ങളും പത്മജ നടത്തിയിരുന്നു.

വയനാട്ടിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട കോണ്‍ഗ്രസ് കോട്ടയായ മുള്ളന്‍കൊല്ലിയിലുണ്ടായ പാര്‍ട്ടി വിഭാഗീയത പരിഹരിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല എന്ന വിമര്‍ശനം ഉയര്‍ന്ന് വരുന്നതിനിടെയാണ് ജോസ് നെല്ലേടം ജീവനൊടുക്കുന്നത്. ജോസ് നെല്ലേടത്തിനെ കാണാന്‍ നേതാക്കള്‍ എത്താത്തതും വയനാട് ലോക്‌സഭാ എംപി പ്രിയങ്കാ ഗാന്ധി വയനാട്ടില്‍ ഉണ്ടായിരുന്നിട്ടും ജോസ് നെല്ലേടത്തിന്റെ വീട്ടില്‍ എത്താത്തതും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ അതൃപ്തിയുണ്ടാക്കി.

അതേസമയം, രണ്ടര കോടി രൂപ കടമുള്ള തങ്ങള്‍ക്ക് 30 ലക്ഷം രൂപയോളം മാത്രമെ കോണ്‍ഗ്രസ് നല്‍കിയുള്ളു എന്ന ആരോപണവുമായി പത്മജ രംഗത്തെത്തിയിരുന്നു. ഭര്‍ത്താവ് ആശുപത്രിയിലായിരുന്നപ്പോള്‍ പോലും നിരവധി തവണ പണത്തിന്റെ ആവശ്യത്തിന് കോണ്‍ഗ്രസ് നേതാക്കളെ വിളിച്ചിരുന്നു എന്നും ആരും കോള്‍ എടുക്കാന്‍ തയ്യാറായില്ലെന്നും പത്മജ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പത്മജ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

14-Sep-2025