ശബരിമലയിൽ ചരിത്രം കുറിച്ച് മലയാളി സ്ത്രീത്വം

യുവതികള്‍ ശബരിമല ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ചരിത്രം കുറിച്ചു. പോലീസ് സുരക്ഷയിലാണ് ഇന്ന് പുലര്‍ച്ചെ 3.30ന് കോഴിക്കോട് കൊയിലാണ്ടി സ്വദേശിയാണ് ബിന്ദു അമ്മിണിയും (41) മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനകദുര്‍ഗ(40)യും ദര്‍ശനം നടത്തിയത്. ബിന്ദുവിന്റെ കൊയിലാണ്ടിയിലേയും വീടിനും കനകദുര്‍ഗയുടെ അരീക്കോട്ടേയും അങ്ങാട്ടിപ്പുറത്തേയും വീടിന് പൊലീസ് സംരക്ഷണം കൊടുത്തിട്ടുണ്ട്.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മല കയറാനെത്തി പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങിയ ബിന്ദുവും കനകദുര്‍ഗ്ഗയുമാണ് ശബരമല ക്ഷേത്രപ്രവേശനം നടത്തിയത്. ആദ്യ ശ്രമത്തിനുശേഷം വീട്ടില്‍പോലും പോകാതെയാണ് ഇവര്‍ രണ്ടാംശ്രമത്തിന് ഒരുങ്ങിയത്. പുതുവര്‍ഷ ദിനത്തില്‍ കേരളത്തിലെ സ്ത്രീകള്‍ വനിതാമതില്‍ തീര്‍ത്ത ശേഷം രാത്രി ഒരു മണിക്കാണ് ഇവര്‍ പമ്പയില്‍ എത്തിയത്. ദര്‍ശനം നടത്തിയശേഷം രാവിലെ ആറുമണിക്ക് ഇവര്‍ മടങ്ങി. വിവരം പോലീസും സ്ഥീരീകരിച്ചു. ഇരുവരും ആവശ്യപ്പെട്ട പ്രകാരമാണ് സംരക്ഷണം ഒരുക്കിയതെന്ന് പോലീസ് പറഞ്ഞു.

ആര്‍ എസ് എസ് - ബി ജെ പി ക്രിമിനലുകള്‍ക്ക് പ്രതിരോധിക്കാന്‍ പറ്റാത്ത വിധത്തില്‍ ആരും അറിയാതെയാണ് ഇവര്‍ മല ചവിട്ടിയത്. മാധ്യമങ്ങള്‍ അറിയാത്തതിനാല്‍ മല ചവിട്ടുന്ന വിവരം ആര്‍ക്കും ചോര്‍ന്നുകിട്ടിയതുമില്ല. ഇപ്പോള്‍ ശബരിമല ശാന്തമാണ്.

02-Jan-2019