അപവാദ പ്രചാരണത്തിലും സൈബർ ആക്രമണത്തിലും സിപിഎം നേതാവ് കെജെ ഷൈൻ നൽകിയ പരാതിയിൽ കേസെടുത്ത് പൊലീസ്. എറണാകുളം റൂറൽ സൈബർ പോലീസാണ് പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പരാതിയെ തുടര്‍ന്ന് കെ ജെ ഷൈന്റെ വീട്ടിലെത്തി പൊലീസ് മൊഴിയെടുത്തിരുന്നു.
ഇതേതുടർന്ന് കെ എം ഷാജഹാന്റെ യൂട്യൂബ് ചാനൽ, പ്രാദേശിക കോൺഗ്രസ് നേതാവ് ഗോപാലകൃഷ്ണൻ ചെട്ടിശ്ശേരി എന്നിവരെയും കേസിൽ പ്രതി ചേര്‍ത്തിട്ടുണ്ട്. കൂടാതെ, മെട്രോ വാർത്ത പത്രത്തിനെതിരെയും കേസ് എടുത്തിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിച്ചു എന്നതിനു പുറമെ ഐടി ആക്ടിലെ വകുപ്പുകൾ കൂടി ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ഈ മാസം 14 മുതൽ 18 വരെ ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങി വിവിധ സമൂഹ മാധ്യമങ്ങളിലൂടെയും യുട്യൂബ് ചാനലുകളിലൂടെയും പരാതിക്കാരിയെ അപമാനിക്കാനും മാനഹാനിയും വിഷമവും ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ, പരാതിക്കാരിയുടെ ചിത്രവും പേരും വച്ച് ലൈംഗിക ചുവയുള്ള പരാമർശങ്ങൾ അടക്കമുള്ള പോസ്റ്റുകൾ പ്രസിദ്ധീകരിച്ചെന്നും എഫ്ഐആറിൽ പറയുന്നു.
തനിക്കെതിരെ വ്യാപകമായി സൈബർ ആക്രമണവും അപവാദ പ്രചാരണവും നടക്കുന്നുവെന്നു കാട്ടി ഇന്നലെ ഷൈൻ മുഖ്യമന്ത്രി, സംസ്ഥാന പൊലീസ് മേധാവി, വനിതാ കമ്മിഷന്‍ തുടങ്ങിയവർക്ക് പരാതി നൽകിയിരുന്നു.