സുരേഷ് ഗോപി അപേക്ഷ നിരസിച്ച കൊച്ചു വേലായുധൻ്റെ വീട് നിർമാണം ആരംഭിച്ചു

കലുങ്ക് സൗഹാർദ സംവാദ സദസിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി അപേക്ഷ നിരസിച്ച തൃശൂർ പുള്ള് സ്വദേശി കൊച്ചു വേലായുധന്റെ ഭവന നിർമാണം ആരംഭിച്ചു. സുരേഷ് ഗോപിയിൽ നിന്ന് അവഗണന നേരിട്ടുവെങ്കിലും സ്വന്തമായി ഒരു വീട് എന്ന സ്വപ്നം യാഥാർഥ്യമാകുന്നതിൽ വലിയ സന്തോഷമുണ്ടെന്ന് കൊച്ചു വേലായുധൻ പ്രതികരിച്ചു.

സിപിഐഎം ചേർപ്പ് ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ഭവന നിർമാണത്തിൻ്റെ തറക്കല്ലിടൽ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൽ ഖാദർ നിർവഹിച്ചു. ഭാര്യ സരോജിനിയും മൂന്നു മക്കളും അടങ്ങുന്ന അഞ്ചംഗ കുടുംബം താമസിച്ചിരുന്ന ഒറ്റ മുറി കൂരയിൽ നിന്നും അടച്ചുറപ്പുള്ള വീട്ടിലേക്ക് മാറി താമസിക്കാൻ കാത്തിരിക്കുകയാണ് വേലായുധൻ. സിപിഐഎം ചേർപ്പ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ 10 ലക്ഷം രൂപ ചെലവിട്ടായിരിക്കും നിർമ്മാണം.

രണ്ട് കിടപ്പുമുറികളും അനുബന്ധ സൗകര്യങ്ങളുമുള്ള 600 സ്ക്വയർ ഫീറ്റ് വീടാകും നിർമിക്കുക. ആലപ്പാട് സ്വദേശി കരുമാരശ്ശേരി ശശിധരനും സിപിഐഎമ്മിനൊപ്പം ചേർന്ന് കൊച്ചുവേലായുധനെ ഭവന നിർമ്മാണത്തിനായി സഹായിക്കുന്നുണ്ട്.

 

22-Sep-2025