മൾട്ടിപ്ലക്സുകളിൽ സൗജന്യ കുടിവെള്ള ലഭ്യത ഉറപ്പുവരുത്തണം

മൾട്ടിപ്ലക്സുകളിൽ സൗജന്യ കുടിവെള്ള ലഭ്യത ഉറപ്പുവരുത്തണമെന്ന് കൊച്ചിയിലെ പിവിആര്‍ സിനിമാസിന് ഉത്തരവ് നൽകി എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. മൾട്ടിപ്ലക്സുകളിൽ പുറത്തുനിന്നുള്ള ഭക്ഷണ പാനീയങ്ങൾ അനുവദനീയമല്ലാത്ത സാഹചര്യത്തിലാണ് സൗജന്യ കുടിവെള്ള ലഭ്യത ഉറപ്പാക്കേണ്ടത്. മൾട്ടി പ്ലെക്സിൽ പുറത്തുനിന്നുള്ള ഭക്ഷണ പാനീയങ്ങൾ കൊണ്ടുപോകുന്നത് നിരോധിച്ചതിനും, തിയേറ്ററിനുള്ളിലെ ഭക്ഷണസാധനങ്ങൾക്ക് അമിതവില ഈടാക്കുന്നു എന്നുള്ള കോഴിക്കോട് സ്വദേശിയുടെ പരാതിയിലാണ് ഉത്തരവ്.

കോഴിക്കോട് സ്വദേശി ഐ. ശ്രീകാന്ത്, 2022 ഏപ്രിൽ മാസം കൊച്ചി ലുലു മാളിൽ പ്രവർത്തിക്കുന്ന പിവിആര്‍ സിനിമാസിലെ കൗണ്ടറിൽ നിന്ന് ഉയർന്ന വിലയ്ക്ക് ആഹാരങ്ങൾ വാങ്ങേണ്ടി വന്നു എന്നായിരുന്നു പരാതി. പുറത്തുനിന്നുള്ള ഭക്ഷണം നിരോധിക്കുകയും, ഉയർന്ന വിലയ്ക്ക് തിയേറ്ററിനുള്ളിൽ നിന്ന് തന്നെ ഭക്ഷണം വാങ്ങാൻ ഉപഭോക്താക്കളെ നിർബന്ധിക്കുകയും ചെയ്യുന്നത് ഒരു അധാർമിക വ്യാപാരരീതിയാണെന്നാണ് പരാതിയിൽ പറയുന്നത്.

പുറത്തുനിന്നുള്ള ഭക്ഷണം അനുവദിക്കില്ലെന്ന് മുൻകൂട്ടി അറിയിച്ചിട്ടുള്ളതാണെന്നും ഇത് സിനിമ കാണാൻ വരുന്ന എല്ലാവർക്കും ഒരേപോലെ ബാധകമാണെന്നും കമ്പനി വാദിച്ചു. കൂടാതെ സിനിമ കാണാൻ വരുന്നവരുടെ സുരക്ഷ, സിനിമ ഹാളിലെ ശുചിത്വം, ഭക്ഷണം എന്ന പേരിൽ ലഹരിവസ്തുക്കൾ, തീപിടിക്കുന്ന വസ്തുക്കൾ പോലുള്ളവ കൊണ്ടുവരാനുള്ള സാധ്യത എന്നിവയുമായി ബന്ധപ്പെട്ട സാധാരണവും ന്യായവുമായ ഒരു നിബന്ധനയാണ്‌ ഇതെന്നും കമ്പനി കോടതിയിൽ ഉന്നയിച്ചു.

ആവശ്യമായ തെളിവുകൾ പരാതിക്കാരൻ ഹാജരാക്കാത്തതിനാൽ പരാതി നിരാകരിച്ചെങ്കിലും പിവിആര്‍ സിനിമാസിൽ എല്ലാ ഉപഭോക്താക്കൾക്കും ശുദ്ധീകരിച്ച കുടിവെള്ളം തടസ്സമില്ലാതെ സൗജന്യമായി നൽകുമെന്ന് പിവിആര്‍ സിനിമാസ് രേഖാമൂലം കോടതിയിൽ ഉറപ്പ് നൽകി.

23-Sep-2025