ബംഗളൂരു സ്ഫോടന കേസ്; നാല് മാസത്തിനകം വിധി പറയണമെന്ന് വിചാരണക്കോടതിയോട് സുപ്രീം കോടതി
അഡ്മിൻ
അബ്ദുള്‍ നാസര്‍ മഅദനി പ്രതിയായ ബംഗളൂരു സ്ഫോടന കേസില്‍ നാല് മാസത്തിനകം വിചാരണക്കോടതി വിധി പറയണമെന്ന് സുപ്രീം കോടതി. നാല് മാസത്തിനകം അന്തിമ വാദം പൂര്‍ത്തിയാക്കി വിധി പറയണമെന്ന് ജസ്റ്റിസ് എം.എം സുന്ദരേഷ് അധ്യക്ഷനായ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്.
കേസിലെ മറ്റൊരു പ്രതി താജുദ്ദീന് നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്. പതിനാറ് വര്‍ഷമായി വിചാരണ പൂര്‍ത്തിയാകാതെ താന്‍ ജയിലില്‍ ആണെന്ന് ചൂണ്ടിക്കാട്ടി താജുദ്ദീന് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. പിന്നാലെ ഹര്‍ജി പരിഗണിച്ച കോടതി അന്തിമ വാദങ്ങള്‍ പൂര്‍ത്തിയാക്കി വിധി പറയണമെന്ന് നിര്‍ദേശം നല്‍കുകയായിരുന്നു. 2008 ല്‍ ബംഗളൂരുവില്‍ നടന്ന സ്ഫോടന പരമ്പരകളില്‍ 31-ാം പ്രതിയാണ് മഅദനി. കേസിലെ 28-ാം പ്രതിയാണ് താജുദ്ദീന്.
കേസില്‍ വിചാരണ തടവുകാരനായി പരപ്പന അഗ്രഹാര ജയിലില്‍ കഴിയുകയായിരുന്ന മഅദനി സുപ്രീം കോടതി നല്കിയ ജാമ്യ വ്യവസ്ഥയില്‍ കേരളത്തില്‍ ചികിത്സയിലാണ്.