കെ എം ഷാജഹാന് ഉപാധികളോടെ ജാമ്യം

കെ ജെ ഷൈനിനെതിരായ സൈബര്‍ ആക്രമണത്തില്‍ യൂട്യൂബര്‍ കെ എം ഷാജഹാന് ജാമ്യം. എറണാകുളം സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. തെളിവ് നശിപ്പിക്കരുത്, അന്വേഷണത്തോട് സഹകരിക്കണം, സമാനമായ കുറ്റകൃത്യം ആവർത്തിക്കരുത്, 25,000 രൂപ ബോണ്ട് രണ്ട് ആൾ ജാമ്യം എന്നീ ഉപാധികളോടെയാണ് ജാമ്യം.

ഷാജഹാന്റെ ജാമ്യ ഹർജി പരിഗണിക്കുന്നതിനിടെ പൊലീസിനെതിരെ രൂക്ഷ വിമർശനമാണ് ഹൈക്കോടതി ഉയർത്തിയത്. റിമാൻഡ് റിപ്പോർട്ടിൽ ലൈംഗികച്ചുവയുളള ഒരു വാക്ക് കാണിക്കാമോ എന്ന് കോടതി പൊലീസിനോട് ചോദിച്ചു. കെ ജെ ഷൈൻ നൽകിയ രണ്ടാമത്തെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഷാജഹാനെ പൊലീസ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്.

കെ എം ഷാജഹാനെതിരെ രണ്ട് പരാതികളാണ് കെ ജെ ഷൈൻ നൽകിയത്. ആദ്യ പരാതിയിൽ ഷാജഹാനെതിരെ കേസെടുക്കുകയും വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഷാജഹാനെതിരെ ഷൈൻ വീണ്ടും പരാതി നൽകിയത്. യൂട്യൂബ് ചാനലിലൂടെ വീണ്ടും അധിക്ഷേപിച്ചുവെന്നും ഷാജഹാന്‍ നിയമത്തെ വെല്ലുവിളിക്കുകയാണ് എന്നുമായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷാജഹാനെ ആക്കുളത്തെ വീട്ടിലെത്തി അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തതും അറസ്റ്റ് രേഖപ്പെടുത്തിയതും.

26-Sep-2025