കസ്റ്റംസിനെതിരെ ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയില്‍

ഭൂട്ടാൻ വാഹനതട്ടിപ്പുമായി ബന്ധപ്പെട്ട കസ്റ്റംസ് നടപടിയെ ചോദ്യം ചെയ്ത് ദുൽഖർ സൽമാൻ ഹൈക്കോടതിയെ സമീപിച്ചു. ദുൽഖറിൻ്റെ ലാന്‍ഡ് റോവര്‍ വാഹനം പിടിച്ചെടുത്തത് ചോദ്യം ചെയ്താണ് ഹര്‍ജി. എല്ലാ നിയമ നടപടികളും പൂര്‍ത്തിയാക്കിയാണ് വാഹനം വാങ്ങിയതെന്ന് ദുല്‍ഖര്‍ ഹർജിയിൽ പറയുന്നു.

കഴിഞ്ഞ ദിവസമാണ് ദുൽഖറിൻ്റെ ലാൻഡ് റോവർ കസ്റ്റംസ് പിടിച്ചെടുത്തത്. തമിഴ്നാട് രജിസ്‌ട്രേഷൻ ലാൻഡ് റോവർ ഡിഫൻഡറാണ് (TN 01 AS 0155) കസ്റ്റഡിയിലെടുത്തത്. കാറിന്റെ മൂന്നാമത്തെ ഓണറാണ് ദുൽഖർ സൽമാനെന്നാണ് വിവരം. അമിത് ചക്കാലക്കലിൻ്റെ വാ​ഹനവും മറ്റൊരു വാഹനവും കസ്റ്റംസ് പിടിച്ചെടുത്തിരുന്നു.

ഭൂട്ടാന്‍ ആര്‍മിയും മറ്റും ഉപേക്ഷിച്ചതും വിന്റേജ് കാറ്റഗറിയില്‍ പെടുന്നതുമായ വാഹനങ്ങളാണ് നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് എത്തിക്കുന്നത്. ഇതിനെത്തുടർന്നാണ് കസ്റ്റംസ് ഇക്കാര്യത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയത്. ഭൂട്ടാനില്‍ നിന്ന് സൈന്യം ലേലം ചെയ്ത എസ്യുവികളും മറ്റും ഇടനിലക്കാര്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങുകയും ഇവ ഹിമാചല്‍പ്രദേശില്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്ത ശേഷം ഉയര്‍ന്ന വിലയ്ക്ക് മറ്റ് സംസ്ഥാനങ്ങളിലേക്ക് വില്‍ക്കുകയായിരുന്നു.

26-Sep-2025