അയ്യപ്പസംഗമത്തിലെ സര്‍ക്കാര്‍ അനുകൂല നിലപാടിലുറച്ച് ജി സുകുമാരൻ നായര്‍

പമ്പയിൽ സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുത്തതില്‍ നയം വ്യക്തമാക്കിയതിൽ കൂടുതൽ വിശദീകരണമില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായര്‍. രാഷ്ട്രീയ നിലപാട് പറഞ്ഞു കഴിഞ്ഞുവെന്നും കൂടുതലൊന്നും പറയാനില്ലെന്നും ജി സുകുമാരൻ നായര്‍ വ്യക്തമാക്കി. ചങ്ങനാശ്ശേരി പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തെ പൊതുയോഗത്തിനെത്തിയപ്പോഴായിരുന്നു ജി സുകുമാരൻ നായരുടെ പ്രതികരണം

സര്‍ക്കാര്‍ അനുകൂല നിലപാടിൽ ഉറച്ച് നിൽക്കുകയാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി. സുകുമാരൻ നായര്‍ക്കെതിരായ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട പ്രതികരണം തേടിയപ്പോഴായിരുന്നു പ്രതികരണം.താൻ തന്‍റെ രാഷ്ട്രീയ നിലപാട് നേരത്തെ തന്നെ പറഞ്ഞതാണെന്നും പ്രതിഷേധിക്കേണ്ടവര്‍ പ്രതിഷേധിച്ചോട്ടെയെന്നും അത് നേരിട്ടോളാമെന്നും ജി സുകുമാരൻ നായര്‍ പറഞ്ഞു.


ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുത്തതില്‍ നയം വ്യക്തമാക്കിയാണ് ജി സുകുമാരൻ നായർ നേരത്തെ രംഗത്തെത്തിയത്. വിശ്വാസ പ്രശ്നത്തിലെ സർക്കാരിന്റെ നിലപാട് മാറ്റം സ്വാഗതാർഹമാണെന്ന് പറഞ്ഞ ജി സുകുമാരൻ നായർ കോൺഗ്രസിനും ബിജെപിക്കുമെതിരെ വിമർശനവും ഉന്നയിച്ചു. ശബരിമലയിൽ സർക്കാരിന് വേണമെങ്കിൽ യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കാമായിരുന്നെവെന്ന് ജി സുകുമാരൻ നായർ പറഞ്ഞു.

എന്നാൽ അവർ അത് ചെയ്തില്ലല്ലോ? വിശ്വാസപ്രശ്നത്തിൽ കോണ്‍ഗ്രസിന് ഉറച്ച നിലപാടില്ല. ഭൂരിപക്ഷ സമുദായത്തെ പരിഗണിക്കുന്നില്ല. കോൺഗ്രസിന്‍റേത് കള്ളക്കളിയാണ്. ബിജെപിയാകട്ടെ ഒന്നും ചെയ്യുന്നില്ല. കേന്ദ്ര സർക്കാർ വിശ്വാസികൾക്കായി ഒന്നും ചെയ്തില്ല. നിയമം കൊണ്ടുവരുമെന്ന ഉറപ്പ് പാലിച്ചില്ലെന്നും ജി സുകുമാരൻ നായർ കൂട്ടിച്ചേര്‍ത്തു.

27-Sep-2025