പത്തിനും അമ്പതിനും വയസിനിടയിലുള്ള മുപ്പതിലേറെ സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതായി സൂചനകള്‍. ആര്‍ എസ് എസ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സന്നിധാനത്ത് കലാപമുണ്ടാക്കിയിരുന്ന നാളുകളില്‍ പതിനഞ്ച് വയസ് തികഞ്ഞ ആറോളം കൗമാരക്കാരികള്‍ പതിനെട്ടാം പടി ചവിട്ടി അയ്യപ്പനെ ദര്‍ശിച്ചിരുന്നു. ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ അറസ്റ്റിനെയും ജയില്‍ വാസത്തെയും തുടര്‍ന്ന്, സംഘപരിവാര്‍ കലാപകാരികള്‍ അക്രമപ്രവര്‍ത്തനങ്ങള്‍ കുറച്ചപ്പോഴാണ് യുവതികള്‍ അയ്യപ്പ സന്നിധിയില്‍ കൂടുതലായി എത്തിയത്.
മാധ്യമങ്ങളെ കാണാതെയും പോലീസിന്റെ സഹായം അഭ്യര്‍ത്ഥിക്കാതെയുമാക്കൂട്ടര്‍ ശബരിമല ചവിട്ടിയത്. പതിനെട്ടാം പടി ചവിട്ടി നെയ്യഭിഷേകവും നടത്തി മലയിറങ്ങിയ ഇവരാരും തന്നെ ചരിത്രം സൃഷ്ടിക്കുവാന്‍ മല ചവിട്ടിയവരല്ല. അയ്യപ്പസ്വാമിയെയും മാളികപ്പുറത്തമ്മയെയും വിശ്വസിക്കുന്ന കടുത്ത വിശ്വാസികള്‍ മാത്രമാണ്. അതിനാല്‍ വാര്‍ത്തകളിലും ചരിത്രത്തിലും അടയാളപ്പെടുത്താന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. ഇനിയും അയ്യപ്പസന്നിധിയിലേക്ക് ഇപ്പോള്‍ വന്ന രീതിയില്‍ തന്നെ അയ്യപ്പദര്‍ശനത്തിനായി യുവതികളില്‍ ഭൂരിപക്ഷവും എത്തുമെന്നാണ് സൂചനകള്‍.
ശബരിമല ക്ഷേത്രത്തിലെ പൂജാരികള്‍ക്കോ, തന്ത്രിക്കോ തിരക്കിനിടയില്‍ തങ്ങളുടെ പ്രായമോ, മറ്റ് വിശദാംശങ്ങളോ തിരിച്ചറിയാന്‍ സാധിക്കില്ല. തങ്ങള്‍ യൗവ്വനയുക്തകളാണെന്നറിഞ്ഞിട്ടും മല ചവിട്ടാനെത്തുന്ന യഥാര്‍ത്ഥ ഭക്തര്‍ ഒരു പ്രതിഷേധവും പ്രകടിപ്പിച്ചില്ല. തൃശൂരില്‍ നിന്നും ശബരിമല ചവിട്ടിയ മുപ്പതുകാരി പറഞ്ഞു. അയ്യപ്പ ദര്‍ശനത്തിനായി പോകുമ്പോള്‍ പത്രസമ്മേളനം വിളിക്കുകയും ചാനല്‍ പ്രവര്‍ത്തകരെ അറിയിച്ച് വാര്‍ത്തയാക്കുകയും ചെയ്യുന്ന രീതി അംഗീകരിക്കാന്‍ പ്രയാസമുണ്ടെന്നും അവര്‍ പറഞ്ഞു. ശബരിമല ദര്‍ശനം ആരെയും വെല്ലുവിളിക്കാനുള്ളതല്ല. തങ്ങളുടെ ആത്മീയപ്രകാശന്തതിന് വേണ്ടിയുള്ളതുമാത്രമായിരുന്നു. ഞങ്ങളുടെ ദര്‍ശനത്തെ അയ്യപ്പന്‍ നിറഞ്ഞ മനസോടെയാണ് സ്വീകരിച്ചത്. അവിടെ നിന്ന് പ്രര്‍ത്ഥിച്ച കാര്യം അയ്യപ്പന്‍ സാധിച്ചുതന്നിരിക്കുന്നു എന്ന് നെറ്റ് പരീക്ഷ പാസായ യുവതി വ്യക്തമാക്കി.