നാണയത്തിൽ ഒരു ഹിന്ദു ദേവതയുടെ ചിത്രം പകർത്തുന്നത് അങ്ങേയറ്റം പ്രതിഷേധാർഹം: സിപിഐ എം

ആർഎസ്എസ് നൂറാം വാർഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക തപാൽ സ്റ്റാമ്പും 100 രൂപ നാണയവും പ്രകാശനം ചെയ്തതിനെതിരെ സിപിഐഎം പോളിറ്റ് ബ്യൂറോ രംഗത്ത്. ആർഎസ്എസ് ഒരിക്കലും അംഗീകരിച്ചിട്ടില്ലാത്ത ഭരണഘടനയോടുള്ള അവഹേളനമാണിതെന്നാണ് സിപിഐഎം പിബി കുറ്റപ്പെടുത്തിയത്.

ഭരണഘടനയെ അപമാനിക്കരുത് എന്ന് ആവശ്യപ്പെട്ട സിപിഐഎം പിബി, നാണയത്തിൽ ഒരു ഹിന്ദു ദേവതയുടെ ചിത്രം പകർത്തുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് വ്യക്തമാക്കി. പ്രധാനമന്ത്രി ഭരണഘടനാ പദവിയുടെ അന്തസ് താഴ്ത്തിക്കെട്ടിയിരിക്കുന്നുവെന്നും പിബി വിമർശിച്ചു.

ഡൽഹിയിൽ നടന്ന ആർഎസ്എസ് വാർഷിക വേളയിലാണ് കാവിക്കൊടിയേന്തിയ വനിതയുടെ ചിത്രമുള്ള നൂറ് രൂപ നാണയം പ്രധാനമന്ത്രി പുറത്തിറക്കിയത്. ഇതിനുപുറമെ പ്രത്യേക സ്റ്റാമ്പും പുറത്തിറക്കി. ‘ഭാരത് മാത’യുടെ ചിത്രം ഇന്ത്യൻ നാണയത്തിൽ ഉണ്ടാകുന്നത് ചരിത്രത്തിൽ ആദ്യമായാണെന്ന് മോദി പറഞ്ഞു.

നാണയത്തിൽ ആർഎസ്എസിന്റെ മുദ്രാവാക്യമായ “രാഷ്ട്രേ സ്വാഹാ, ഇടം രാഷ്ട്രായ, ഇടം ന മമ” (എല്ലാം രാഷ്ട്രത്തിന് സമർപ്പിച്ചിരിക്കുന്നു, എല്ലാം രാഷ്ട്രത്തിന്റേതാണ്, ഒന്നും എന്റേതല്ല) എന്നും ആലേഖനം ചെയ്തിട്ടുണ്ട്.

01-Oct-2025