വിജയ് മല്യ, സാമ്പത്തിക കുറ്റവാളിയായ പിടികിട്ടാപ്പുള്ളി
അഡ്മിൻ
വിവിധ ബാങ്കുകളില്‍ നിന്ന് കോടികള്‍ വായ്പയെടുത്ത് മുങ്ങിയ വിവാദ മദ്യ വ്യവസായി വിജയ് മല്യയെ സാമ്പത്തിക കുറ്റവാളിയായ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. പുതിയ സാമ്പത്തിക കുറ്റകൃത്യ നിരോധന നിയമമനുസരിച്ചാണ് മല്യയെ രാജ്യത്ത് ആദ്യമായി സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചത്. മുംബൈ പ്രത്യേക കോടതിയാണ് പുതിയ നിയമമായ ഫ്യുജിറ്റീവ് എക്കണോണമിക് ഒഫന്‍ഡേഴ്സ് ആക്ട് 2018 പ്രകാരം സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചത്.
ഇതോടെ മല്യയുടെ എല്ലാ സ്വത്തുവകകളും കണ്ടുകെട്ടാനും സര്‍ക്കാരിന് കഴിയും. മല്യയെ പ്രസ്തുത നിയമപ്രകാരം കുറ്റവാളിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് അപേക്ഷ നല്‍കിയത്. സാമ്പത്തിക തട്ടിപ്പുകള്‍ നടത്തി രാജ്യം വിടുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നത് വ്യവസ്ഥ ചെയ്യുന്ന നിയമം പാര്‍ലമെന്റ് പാസാക്കിയിരുന്നു. ഇതു പ്രകാരമാണ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.
2016 ലാണ് മല്യ 9,000 കോടി രൂപ വിവിധ ബാങ്കുകളില്‍ നിന്നായി വായ്പയെടുത്ത് രാജ്യം വിട്ടത്. പിന്നാലെ ലണ്ടനില്‍ പ്രത്യക്ഷപ്പെട്ട മല്യയെ വിട്ടു നല്‍കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് യു.കെ കോടതി മല്യയെ ഇന്ത്യയിലേക്ക് നാടകുകടത്താന് വിധിച്ചതിന് പിന്നാലെ വായ്പ എടുത്ത മുഴുവന്‍ തുകയും തിരിച്ചടയ്ക്കാന്‍ തയാറാണെന്നും അത് സ്വീകരിക്കണമെന്നും ട്വീറ്റിലൂടെ അറിയിച്ചിരുന്നു.