അഫ്ഗാൻ- ഇന്ത്യ ബന്ധത്തിൽ പുതിയ അധ്യായം

താലിബാൻ വിദേശകാര്യമന്ത്രി ഇന്ത്യയിലേക്കെത്തുന്നു. താലിബാൻ അഫ്ഗാൻ ഭരണം പിടിച്ചെടുത്തതിനു ശേഷം നടക്കുന്ന ആദ്യ ഉന്നതതല സന്ദർശനമാണിത്. ഈ മാസം 9നാണ് താലിബാൻ വിദേശകാര്യമന്ത്രി അമീർ ഖാൻ മുത്തഖി ഇന്ത്യയിലെത്തുക. ഒക്ടോബർ 9നും 16നും ഇടയിൽ ന്യൂഡൽഹി സന്ദർശിക്കാൻ മുത്തഖിക്ക് അന്താരാഷ്ട്ര യാത്രാ വിലക്കുകളിൽ നിന്ന് ഇളവ് ലഭിച്ചതായി ഐക്യരാഷ്ട്രസഭ രക്ഷാസമിതി സ്‌ഥിരീകരിച്ചു.

അഫ്ഗാൻ്റെ ആരോഗ്യമേഖലയ്ക്കായും അഭയാർഥി പുനരധിവാസത്തിനായും ഇന്ത്യ നൽകുന്ന സഹായങ്ങൾ വലുതാണ്. മാസങ്ങളായി ഇന്ത്യൻ നയതന്ത്ര അധികൃതർ ഇതിനായുള്ള തയ്യാറെടുപ്പിലായിരുന്നെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വിദേശകാര്യ സെക്രട്ടറി വിക്രം മിസിയും മുതിർന്ന ഐഎഫ്എസ് ഉദ്യോഗസ്ഥൻ ജെപി സിങ്ങും ഉൾപ്പെടെയുള്ള ഇന്ത്യൻ ഉദ്യോഗസ്‌ഥർ മുത്തഖിയുമായും മറ്റ് താലിബാൻ നേതാക്കളുമായും നിരവധി തവണ ചർച്ചകൾ നടത്തിയിട്ടുണ്ട്.

പഹൽഗാം ഭീകരാക്രമണത്തെ താലിബാൻ അപലപിച്ചതിനെ വിദേശകാര്യമന്ത്രി എസ് ജയശങ്കർ അഭിനന്ദിച്ചിരുന്നു. ഓപ്പറേഷൻ സിന്ദൂരിൽ ജയശങ്കർ മുത്തഖിയുമായി സംഭാഷണം നടത്തിയിരുന്നു. പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുള്ള തീവ്രവാദ നീക്കങ്ങളിൽ ഇന്ത്യയും അഫ്ഗാനും ഒരേ നിലപാടാണെന്നും അന്നത്തെ സംഭാഷണത്തിൽ വ്യക്തമാക്കിയിരുന്നു. ഇതിനുശേഷം അഫ്ഗാനുള്ള സഹായം ഇന്ത്യ വർധിപ്പിച്ചു. ഊർജ്‌ജ സഹായം മുതൽ അടിസ്ഥാന സൗകര്യ സഹകരണം വരെയുള്ള ആവശ്യങ്ങൾ താലിബാൻ ഭരണകൂടം ഇന്ത്യയെ ഔദ്യോഗികമായി അറിയിച്ചു.

03-Oct-2025