ഹര്‍ത്താല്‍ അക്രമം പ്രതികള്‍ 37,979 അറസ്റ്റ് 3178

ശബരിമലകര്‍മസമിതി നടത്തിയ പ്രതിഷേധ ഹര്‍ത്താലിലുണ്ടായ ആക്രമങ്ങളില്‍  രജിസ്റ്റര്‍ ചെയ്ത 2092 കേസില്‍ 37,979 പ്രതികള്‍. ഇതുവരെ 3282 പേര്‍ അറസ്റ്റിലായി. 487 പേരെ റിമാന്‍ഡ് ചെയ്തു. 2795 പേര്‍ക്ക് ജാമ്യം കിട്ടി. 1190 പേര്‍ കരുതല്‍ തടങ്കലിലാണുള്ളത്. അക്രമികളെ പിടികൂടാനുള്ള ഓപ്പറേഷന്‍ ബ്രോക്കണ്‍ വിന്‍ഡോയിലൂടെ കൂടുതല്‍ അറസ്റ്റ് വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്ന് പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ അറിയിച്ചു.  
 
സംസ്ഥാനത്ത് ദിവസങ്ങളായി തുടരുന്ന അക്രമ പരമ്പരയ്ക്ക് നേതൃത്വം നല്‍കിയത് ആര്‍എസ്എസ് സംസ്ഥാന നേതൃത്വമാണെന്ന് വെളിപ്പെട്ടു. കഴിഞ്ഞദിവസം നെടുമങ്ങാട് പൊലീസ് സ്‌റ്റേഷനിലേക്ക് ബോംബെറിഞ്ഞ ആര്‍എസ്എസ് നെടുമങ്ങാട് ജില്ലാ പ്രചാരക് പ്രവീണിന്റെ ദൃശ്യങ്ങള്‍ സ്‌റ്റേഷനു സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. നൂറനാട് സ്വദേശി പ്രവീണാണ് ബോംബെറിഞ്ഞതെന്ന് പൊലീസും തിരിച്ചറിഞ്ഞു. നെടുമങ്ങാട് പൊലീസ് സ്‌റ്റേഷനിലേക്ക് ഹര്‍ത്താല്‍ ദിനത്തില്‍ ആറുതവണയാണ് ബോംബെറിഞ്ഞത്. ബുധനാഴ്ച ശബരിമലയില്‍ രണ്ട് യുവതികള്‍ കയറിയതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് തുടരുന്ന അക്രമങ്ങളുടെ ചുക്കാന്‍ പിടിക്കുന്നത് ആര്‍എസ്എസ് നേതൃത്വമാണെന്ന് ഇതിലൂടെ വ്യക്തം. ഹര്‍ത്താലിനുശേഷവും തുടര്‍ച്ചയായി സിപിഐ എം നേതാക്കളുടെ വീടിനുനേരെയുള്ള ആക്രമണം തുടരുകയാണ്.

ആര്‍എസ്എസ് അക്രമം ശനിയാഴ്ച വൈകിയും തുടര്‍ന്നു. തലശ്ശേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധമാര്‍ച്ചിനുനേരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. കാസര്‍കോട് ജില്ലയില്‍ വനിതാമതിലില്‍ പങ്കെടുത്ത ജില്ലാ ബാങ്ക് ജീവനക്കാരിയുടെ വീട് അടിച്ചുതകര്‍ത്തു. പെരിയയില്‍ രണ്ട് സിപിഐ എം പ്രവര്‍ത്തകരെ കോണ്‍ഗ്രസുകാര്‍ ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ചുവീഴ്ത്തി. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ സിപിഐ എം പ്രവര്‍ത്തകന്‍ കുളപ്പുറത്ത് രാധാകൃഷ്ണന്റെ വീട് ആര്‍എസ്എസുകാര്‍ ബോംബെറിഞ്ഞ് തകര്‍ത്തു. രാമനാട്ടുകരയില്‍ സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയുടെ വീട് അടിച്ചു തകര്‍ത്തു. കഴിഞ്ഞദിവസം അക്രമം പടര്‍ന്ന തലശ്ശേരിയിലും പത്തനംതിട്ട ജില്ലയിലെ അടൂരിലും പൊലീസ് റൂട്ട് മാര്‍ച്ച് നടത്തി. കണ്ണൂര്‍, പത്തനംതിട്ട  ജില്ലകളില്‍ അക്രമം തടയാന്‍ പൊലീസ് കനത്ത ജാഗ്രത പുലര്‍ത്തി വരികയാണ്.

വടക്കന്‍ കേരളത്തിലെ അക്രമ പരമ്പരകളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം ഡി ജി പി പുറപ്പെടുവിച്ചിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിമാര്‍ അക്രമം അമര്‍ച്ച ചെയ്യുന്ന കാര്യത്തില്‍ കടുത്ത നടപടി സ്വീകരിക്കണമെന്ന് ഡി ജി പി ആവശ്യപ്പെട്ടു. കണ്ണൂര്‍ ജില്ലയില്‍ അവധിയില്‍ പ്രവേശിച്ച മുഴുവന്‍ പോലീസുകാരെയും തിരികെ വിളിക്കും. ഇരിട്ടിയില്‍ വെള്ളിയാഴ്ച രാത്രി സിപിഐ എം പ്രവര്‍ത്തകന് വെട്ടേറ്റു. പെരുമ്പറമ്പിലെ വി കെ വിശാഖിനാണ് വെട്ടേറ്റത്. മുഖത്തും കഴുത്തിനും കൈക്കും ഗുരുതരമായി പരുക്കേറ്റ വിശാഖ് മംഗലാപുരത്ത് സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ആര്‍ സെ് എസ് പ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയില്‍ ഉള്ളവരുള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.



06-Jan-2019