സോനം വാങ്ചുക്കിനെ സന്ദർശിക്കാനെത്തിയ സി.പി.ഐ.എം സംഘത്തെ പോലീസ് തടഞ്ഞു
അഡ്മിൻ
ജയിലിൽ കഴിയുന്ന സാമൂഹ്യപ്രവർത്തകൻ സോനം വാങ്ചുക്കിനെ സന്ദർശിക്കാനെത്തിയ സി.പി.ഐ.എം. പ്രതിനിധി സംഘത്തെ പോലീസ് തടഞ്ഞു. പി ബി അംഗം അമ്രാറാം എംപിയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് പൊലീസ് തടഞ്ഞത്. ജോധ്പൂർ ജയിൽ കവാടത്തിൽ ബാരിക്കേഡ് സ്ഥാപിച്ചാണ് പോലീസ് സംഘത്തെ തടഞ്ഞത്. ജനാധിപത്യ ശബ്ദങ്ങളെ ജയിലിലടച്ച് അടിച്ചമർത്താനാവില്ലെന്ന് നേതാക്കൾ പോലീസിന്റെ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് പ്രതികരിച്ചു.
ലഡാക്ക് സംഘർഷവുമായി ബന്ധപ്പെട്ടാണ് സോനം വാങ്ചുക്കിനെ ലഡാക്ക് പോലീസ് അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റിന് പിന്നാലെ അദ്ദേഹത്തെ രാജസ്ഥാനിലെ ജോധ്പൂർ ജയിലിലേക്ക് മാറ്റുകയായിരുന്നു. വാങ്ചുക്കിന്റെ പ്രസംഗങ്ങളാണ് പ്രക്ഷോഭങ്ങൾക്ക് കാരണമായതെന്നാണ് ലഡാക്ക് ഭരണകൂടവും കേന്ദ്രസർക്കാരും ആരോപിക്കുന്നത്. ലേയിൽ വെച്ചാണ് വാങ്ചുക് അറസ്റ്റിലായത്.
അതിനിടെ, ലഡാക്ക് സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാവുകയാണ്. ഈ ആവശ്യം ഉന്നയിച്ച് ലഡാക്ക് ബുദ്ധിസ്റ്റ് അസോസിയേഷൻ, ഓൾ ലഡാക്ക് ഗോൺപ അസോസിയേഷൻ എന്നീ സംഘടനകൾ പ്രമേയം പാസാക്കി.