ന്യൂഡൽഹി: വീണ്ടും ദളിത് പ്രീണനവുമായി ബി ജെ പി. ദില്ലിയിലെ രാം ലീല മൈതാനത്ത് ഭീം മഹാസംഗമത്തിൽ ദലിതർക്കായി അയ്യായിരം കിലോ ഖിച്ചടി ഒരുക്കിയാണ് ഇത്തവണ ബി ജെ പി പ്രചാരണം തുടങ്ങിയിരിക്കുന്നത്. പിന്നോക്കവിഭാഗക്കാർക്കായി ബി ജെ പി ദില്ലി ഘടകമാണ് ഇത്തരമൊരു സംഗമം സംഘടിപ്പിച്ചത്. അയ്യായിരം കിലോ ഖിച്ചടി ഉണ്ടാക്കിയെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്. നാനൂറു കിലോ അരി, നൂറു കിലോ ധാന്യങ്ങൾ, മുന്നൂറ്റിഅന്പതു കിലോ പച്ചക്കറി, നൂറു കിലോ നെയ്യ്, നൂറു ലിറ്റൽ എണ്ണ, രണ്ടായിരത്തി അഞ്ഞൂറ് ലിറ്റർ വെള്ളം ,ഇരുനൂറ്റി അൻപതു കിലോ മസാല എന്നിവ ചേർത്താ യിരുന്നു പാചകം. നാഗ്‌പൂരിൽനിന്നുള്ള വിഷ്ണു മനോഹർ ആയിരുന്നു പാചകക്കാരൻ. നേരത്തെ മൂവായിരം കിലോ ഖിച്ചടി ഉണ്ടാക്കി റെക്കോർഡ് സൃഷ്ടിക്കാൻ ശ്രമിച്ച വ്യക്തിയാണിദ്ദേഹം. ചൈനക്ക് സുഷി, ഇറ്റലിക്ക് പിസ്സ എന്നപോലെ ഇന്ത്യയുടെ ദേശീയ ഭക്ഷണം ഖിച്ചടിയാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭക്ഷണം തയ്യാറാക്കാനുള്ള പാത്രങ്ങളൂം അരിയും മറ്റു ധാന്യങ്ങളും ദളിതരുടെ വീട്ടിൽ നിന്നാണ് ശേഖരിച്ചതെന്നു ബി ജെ പി വക്താക്കൾ അറിയിച്ചു.
എന്നാൽ ബി ജെ പി യുടെ ദളിത് മുഖമായ ഉദിത് രാജ് പരിപാടിയിൽ പങ്കെടുത്തില്ല. സാമൂഹികാക്യത്തിനുവേണ്ടി ഇത്തരത്തിലുള്ള പരിപാടികൾ നല്ലതാണു, എന്നാൽ വോട്ടു ബാങ്കിനായുള്ള ഇത്തരം പ്രവർത്തനങ്ങൾകൊണ്ട് ഒരു നേട്ടവും ഇല്ലായെന്ന് അദ്ദേഹം പിന്നീട് പ്രതികരിച്ചു. ജനങ്ങൾക്ക് എല്ലാം തിരിച്ചറിയാനുള്ള കഴിവുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.