അർജൻ്റീന-ഓസ്ട്രേലിയ മത്സരം: കലൂർ സ്റ്റേഡിയം ലോകോത്തര നിലവാരത്തിൽ ഉയർത്തുമെന്ന് മുഖ്യമന്ത്രി
അഡ്മിൻ
ലയണൽ മെസ്സിയുടെ അർജൻ്റീനയും ഓസ്ട്രേലിയയും തമ്മിലുള്ള സൗഹൃദ ഫുട്ബോൾ മത്സരത്തിന് മുന്നോടിയായി കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം ലോകോത്തര നിലവാരത്തിൽ ഉയർത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അറ്റകുറ്റപ്പണികൾ ഉടൻ പൂർത്തിയാക്കാൻ ഇന്ന് ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി.മുഖ്യമന്ത്രിയാണ് ഉന്നതതല യോഗം വിളിച്ചത്.
ഫാൻ മീറ്റ് നടത്തുന്നത് പരിഗണനയിൽ ഉണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. മത്സരത്തിനായുള്ള കാര്യങ്ങൾ ഏകോപിപ്പിക്കാൻ ഐഎഎസ് ഉദ്യോഗസ്ഥനെ നിയമിക്കും. ഇതിൻ്റെ മേൽനോട്ടത്തിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സംസ്ഥാനതല സമിതിയേയും രൂപീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കായികമന്ത്രി വി. അബ്ദുറഹിമാനും ഉന്നതതല യോഗത്തിൽ പങ്കെടുത്തു.മെസ്സിയും അർജൻ്റീന ടീമും നവംബർ 15ന് കേരളത്തിൽ എത്തുമെന്നാണ് റിപ്പോർട്ട്. നവംബർ 18 വരെ അർജൻ്റീന ടീം കൊച്ചിയിൽ ഉണ്ടാകും. ഫിഫ റാങ്കിങ്ങിൽ 25-ാം സ്ഥാനത്താണ് ഓസ്ട്രേലിയ. നവംബര്‍ 18 വരെ നിശ്ചയിച്ചിരിക്കുന്ന സന്ദര്‍ശനത്തിൻ്റെ ഭാഗമായി രണ്ട് സൗഹൃദ മത്സരങ്ങള്‍ക്ക് കലൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയം വേദിയാകും.
തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തെ ഔദ്യോഗിക വേദിയാക്കാന്‍ ആണ് നേരത്തെ തീരുമാനം ഉണ്ടായിരുന്നത്. എന്നാല്‍ യാത്രാ-താമസ സൗകര്യങ്ങള്‍ ഒരുക്കാന്‍ കൊച്ചിയാണ് അനുയോജ്യമെന്ന വിലയിരുത്തലാണ് പുതിയ തീരുമാനത്തിന് പിന്നില്‍. ക്രിക്കറ്റ് സ്റ്റേഡിയം എന്ന നിലയിലുള്ള ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒരു ഫുട്‌ബോള്‍ മത്സരത്തിനുള്ള സ്റ്റേഡിയമാക്കുക എന്നതും വെല്ലുവിളിയായിരുന്നു.