വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കെതിരായ വായ്പാ തിരിച്ചടവ് നടപടികൾ സ്റ്റേ ചെയ്തുകൊണ്ട് കേരള ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്ന് വാക്കാൽ പരാമർശിച്ചു. വായ്പ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ സ്വീകരിച്ച നിലപാടിൽ കോടതി അതിരൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്.
വായ്പാ എഴുതിത്തള്ളുന്നതിൽ കേന്ദ്രസർക്കാരിന്റെ നിലപാട് സംബന്ധിച്ച അവ്യക്തത കഴിഞ്ഞ തവണ കോടതി ചോദ്യം ചെയ്തിരുന്നു. തീരുമാനമെടുക്കേണ്ട മന്ത്രാലയത്തെക്കുറിച്ച് പോലും കൃത്യമായ മറുപടി നൽകാൻ അന്ന് കേന്ദ്രത്തിനായില്ല. എന്നാൽ, ഇന്നത്തെ ഹിയറിംഗിൽ, വായ്പ എഴുതിത്തള്ളാൻ കഴിയില്ലെന്ന് ആഭ്യന്തര മന്ത്രാലയം സത്യവാങ്മൂലം നൽകിയിട്ടുണ്ടെന്ന് അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു. വായ്പ എഴുതിത്തള്ളുന്നതിൽ മന്ത്രാലയത്തിന് പരിമിതിയുണ്ടെന്നും കേന്ദ്ര സർക്കാർ അഭിഭാഷകർ കോടതിയിൽ ബോധിപ്പിച്ചു. കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നുള്ള ഈ ന്യായീകരണത്തെ കോടതി തള്ളിക്കളഞ്ഞു.
ദുരന്തബാധിതരെ സഹായിക്കുന്നതിൽ കേന്ദ്രം കാട്ടിയ വിമുഖതയെ ഹൈക്കോടതി ശക്തമായ ഭാഷയിൽ വിമർശിച്ചു. കോടതിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു: “ആർബിഐ സർക്കുലർ കാരണം കേന്ദ്ര സർക്കാരിന് പരിമിതിയുണ്ടെന്നോ? ആർബിഐ.യുമായി താരതമ്യം ചെയ്യുമ്പോൾ കേന്ദ്രത്തിൻ്റെ പദവി എന്താണ്? ഇത്തരത്തിലുള്ള ഒരു സത്യവാങ്മൂലം മുൻപും ഫയൽ ചെയ്തിട്ടുണ്ട്. പ്രവർത്തിക്കാൻ കേന്ദ്രസർക്കാരിന് താൽപര്യമുണ്ടോ എന്നതാണ് ഇവിടെ ചോദ്യം. നിങ്ങൾക്ക് ഈ വിഷയത്തിൽ അധികാരമില്ലാത്തവരല്ല. ഒളിച്ചുവെക്കേണ്ട. ഇത്തരം സന്ദർഭങ്ങളിൽ കേന്ദ്ര സർക്കാർ ജനങ്ങളെ പരാജയപ്പെടുത്തിയിരിക്കുന്നു. മതി, മതി. ഞങ്ങൾക്ക് ഇനി കേന്ദ്രത്തിൻ്റെ ദാനധർമ്മം ആവശ്യമില്ല.”
ദുരന്തസമയത്ത് ജനങ്ങളെ സഹായിക്കാൻ താൽപര്യമില്ലാത്ത ഒരു സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നതെന്ന ശക്തമായ സൂചനയാണ് കോടതിയുടെ ഈ പരാമർശങ്ങളിലുള്ളത്.